Skip to main content

കോവിഡ് പ്രതിരോധത്തിന് കരുത്തേകാൻ കുടുംബശ്രീയുടെ 'ചെയിൻ കോൾ' 

 

ആലപ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ചെയിൻ കോൾ' പദ്ധതി നടപ്പാക്കി കുടുംബശ്രീ. കുടുംബശ്രീ അംഗങ്ങൾക്ക് ടെലിഫോൺ മുഖേന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകി അതുവഴി പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന തലത്തിൽ കുടുംബശ്രീ ഏറ്റെടുത്ത് നടപ്പാക്കുന്ന കോവിഡ് പ്രതിരോധ പരിപാടി ജില്ലയിലെ 3,20,000 കുടുംബശ്രീ അംഗങ്ങളിലൂടെ നടപ്പാകും. അടിയന്തിര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ, കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർ പാലിക്കേണ്ട നിയന്ത്രണങ്ങൾ, കോവിഡ് കാലത്ത് ഗർഭിണികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ അടക്കം കോവിഡ് പ്രതിരോധത്തിനായുള്ള എല്ലാ മാർഗനിർദ്ദേശങ്ങളും ചെയിൻ കോളിലൂടെ നൽകും.

ഇതിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ ഓരോ കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും രൂപീകരിച്ചിരിക്കുന്ന കുടുംബശ്രീ റെസ്‌പോൺസ് ടീം (കെ.ആർ.ടി ) വഴിയാണ് ജനങ്ങളിലേക്ക് എത്തുക. തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആർ.ആർ.ആർ.ടികളുമായി ചേർന്നാണ് കെ.ആർ.ടി.കൾ പ്രവർത്തിക്കുന്നത്. കെ.ആർ.ടി കൾ വഴി വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട വൈദ്യസഹായം അടക്കമുള്ള സേവനങ്ങളും ഇവർ നൽകും. ജില്ലാതലത്തിൽ 22 പേർ അടങ്ങുന്ന കോർ ടീമാണ്  പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നത്. ജില്ലയിലെ 79 സി.ഡി.എസിൽ നിന്നും ചുമതലപ്പെടുത്തിയിട്ടുള്ള രണ്ടു പേർ അതത് സി.ഡി.എസിന് കീഴിലുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ ചെയിൻ കോൾ പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ രണ്ടു ദിവസം കൂടുമ്പോൾ വിലയിരുത്തുന്നുമുണ്ട്.
 

date