Skip to main content

കലകടറുടെ സഹായമെത്തി അജീഷിന് ഇനി  പഠിക്കാം സ്വന്തം ഫോണില്‍

സ്വന്തമായി സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ ബുദ്ധിമുട്ടിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജീഷിന് ജില്ലാ കലക്ടറുടെ സഹായമെത്തി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശികളായ സുബ്രഹ്‌മണ്യന്റെയും ശ്രീജയുടെയും രണ്ടാമത്തെ മകനായ അജീഷിനാണ് ജില്ലാകലക്ടര്‍  കെ. ഗോപാലകൃഷ്ണന്റെ സഹായമെത്തിയത്. ഫോണില്ലാത്തിനെ തുടര്‍ന്ന് പഠനം മുടങ്ങിയ വിവരം അജീഷിന്റെ മുത്തശ്ശിയാണ് ജില്ലാകലക്ടറെ അറിയിച്ചത്. പ്ലസ്ടുവിന് പഠിക്കുന്ന സഹോദരിയും നാലാം ക്ലാസില്‍ പഠിക്കുന്ന സഹോദരനുമാണ് അജീഷിനുള്ളത്. ക്ലാസുകള്‍ ഓണ്‍ലൈനായതിനാല്‍ സുബ്ര്മണ്യന്‍ കടം വാങ്ങിയും കൂലിപ്പണി ചെയ്തും ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നു. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേ സമയം ക്ലാസുകളായതിനാല്‍ ഒരു ഫോണില്‍ പഠിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്  മുത്തശ്ശി കലക്ടറെ വിളിച്ച് ആവശ്യം അറിയിച്ചത്. ആവശ്യം അംഗീകരിച്ച കലക്ടര്‍ തഹസില്‍ദാര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ അജീഷിന് ഫോണ്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു പ്രകാരം അജീഷും അമ്മയും മുത്തശ്ശിയും കൂടെ കലക്ടറേറ്റിലെത്തി ഫോണ്‍ സ്വീകരിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ സഫ്‌ന നസറുദ്ദീന്‍ അജീഷിന് ഫോണ്‍ കൈമാറി.

date