Skip to main content

45+ കാര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സീനുമായി തൊടുപുഴ നഗരസഭ

 

തൊടുപുഴ നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുളള എല്ലാവരുടേയും വാക്‌സിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും, 45 വയസ്സിനു മുകളിലുളളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുളള മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്നവരില്‍ വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കും. കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും, കോവിഡാനന്തര രോഗ പരിചരണ പ്രവര്‍ത്തനങ്ങളും, മഴക്കാല പൂര്‍വ്വ ശുചീകരണ പുരോഗതിയും ചര്‍ച്ച ചെയ്യുന്നതിന് നഗരസഭ ഓഫീസില്‍ ചേര്‍ന്ന ഇന്റര്‍ സെക്ടറല്‍ യോഗത്തിന്റേതാണ് തീരുമാനം.  നഗരപരിധിയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ആശുപത്രി ആര്‍.എം.ഒ. ഡോ. ജെ. പ്രീതി വിശദീകരിച്ചു. 

നഗരസഭയില്‍ ആദ്യമായി ചെളള്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളളതായി ആര്‍.എം.ഒ. അറിയിച്ച സാഹചര്യത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും,  പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരുന്നതിന് യോഗം തീരുമാനിച്ചു.  ഫോഗിംഗ്, കാട് വെട്ടി വൃത്തിയാക്കല്‍ ഉള്‍പ്പടെയുളള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. ജലവിതരണ പൈപ്പുകളിലേയ്ക്ക് അഴുക്കുവെളളം കലര്‍ന്ന് കുടിവെളളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കും. പി.ഡബ്‌ള്യൂ.ഡി റോഡുകളുടെ ഇരുവശങ്ങളിലുമുളള ഓടകള്‍ വൃത്തിയാക്കുന്നതിനും, ഗതാഗതത്തിന് തടസ്സമായി നില്‍ക്കുന്ന മരശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും, ഉപേക്ഷിച്ച നിലയില്‍ കാണുന്ന ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ റോഡ് സൈഡില്‍ നിന്നും നീക്കം ചെയ്യുന്നതിനുമുളള നടപടികള്‍ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും. 

    കോവിഡ് രോഗമുക്തരായവരില്‍ കണ്ട് വരുന്ന മറ്റ് അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് ആയുര്‍വേദ ആശുപത്രികളില്‍ പ്രത്യേക ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ഡോക്ടര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. 
       നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് എലിപ്പനി, ഡെങ്കിപ്പനി രോഗസാധ്യതകള്‍ ഉളളതിനാല്‍ അവര്‍ക്ക് പ്രതിരോധമരുന്നുകള്‍ നല്‍കുന്നതിനും തീരുമാനിച്ചു.

യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ.കരീം, നഗരസഭ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, ആര്‍.എം.ഒ. ഡോ. ജെ. പ്രീതി, സെക്ടറല്‍ മജിസ്ട്രറ്റ് തോമസ്.പി.ജോഷ്വ,  ആരോഗ്യ വകുപ്പ് ജീവനക്കാര്‍, വാട്ടര്‍ അതോറിറ്റി അസി.എക്‌സി.എഞ്ചിനിയര്‍, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date