Skip to main content

കോതമംഗലം നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ പഠനവും തുടർ പഠനവും ഉറപ്പാക്കും : ആൻ്റണി ജോൺ എം എൽ എ.

 

കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിലെ ആദിവാസി മേഖലയടക്കം മുഴുവൻ സ്കൂൾ കുട്ടികൾക്കും ഓൺലൈൻ പഠനവും തുടർ പഠനവും ഉറപ്പാക്കുന്നതിനാവശ്യമായ ക്രമീകരണം ഏർപ്പെടുത്തുമെന്ന് ആൻ്റണി ജോൺ എം എൽ എ പറഞ്ഞു.നിലവിലെ സാഹചര്യത്തിൽ  ഡിജിറ്റൽ ക്ലാസ് ഒഴിവാക്കാൻ കഴിയാത്ത ഒരു പഠന ഉപാധിയായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
കോവിഡ് മഹാമാരിയും അതിൻ്റെ ഭാഗമായി ആവിഷ്ക്കരിക്കപ്പെട്ട ഡിജിറ്റൽ ക്ലാസും തുടർ പഠനവും മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുകയെന്നതാണ് സർക്കാർ നയം.അതിൻ്റെ ഭാഗമായി മണ്ഡലത്തിലെ പ്രധാന അധ്യാപകരുടെ യോഗം ചേരുകയും ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്ത കുട്ടികളുടെ വിവര ശേഖരണം പൂർത്തിയാക്കുകയും ചെയ്തു.

ഓരോ വിദ്യാലയത്തിലും ഒരു അധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കുകയും ചെയ്തു.നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ അതതു വിദ്യാലയങ്ങളിലെ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ജനകീയ ഇടപെടലുകളിലൂടെ സൗകര്യം ലഭ്യമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ
(പാഠപുസ്തകം,പേന,നോട്ട് ബുക്ക്,പെൻസിൽ)ഉണ്ടോ എന്ന് ഉറപ്പു വരുത്തുക,ഡിജിറ്റൽ ക്ലാസുകൾ കാണുന്നതിനുള്ള ലാപ്ടോപ്പ്,ടാബ്,റ്റി വി,കേബിൾ/ഡി റ്റി എച്ച്,ഇൻ്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പു വരുത്തുക,വീട്ടിൽ വൈദ്യുതി ലഭ്യമാണോ എന്നത് ഉറപ്പു വരുത്തുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.ഇതിനായി സ്കൂൾ തലത്തിൽ നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.
പ്രവർത്തന പുരോഗതി അവലോകനം ചെയ്യുന്നതിനായി വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗം ചേരുകയും പോരായ്മകൾ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകളും നടത്തി വരുന്നു.

കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ആദ്യ പരിഗണന നൽകി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഉറപ്പാക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തി വരുന്നു. കുട്ടികൾക്ക് ഓൺലൈൻ/ഓഫ് ലൈൻ പഠന സൗകര്യങ്ങളും തുടർ പഠനവും ഒരുക്കുന്നതിനായി പന്തപ്ര,മേട്നാപാറ,ഇളംബ്ലാശേരി, അഞ്ചുകുടി,തലവെച്ചപ്പാറ, കുഞ്ചിപ്പാറ,വാരിയം,ഉറിയപെട്ടി, താളുംകണ്ടം എന്നിവിടങ്ങളിൽ 9  ഊരു വിദ്യാകേന്ദ്രങ്ങളും,5 എം ജി എൽ സി കളും,3 സാമൂഹ്യ പഠനമുറികളും,6 അയൽപക്ക ഓൺലൈൻ പഠനകേന്ദ്രങ്ങളും,ഒരു പ്രാദേശിക പ്രതിഭാ കേന്ദ്രവും അടക്കം 24 പൊതു പഠന കേന്ദ്രങ്ങളാണ് പ്രവർത്തന സജ്ജമാക്കുന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് കുഞ്ചിപ്പാറ,
തലവെച്ചപ്പാറ,വാരിയം കേന്ദ്രങ്ങളിൽ താൽക്കാലികമായി പഠനം നിർത്തിവയ്ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.ഇവിടെ കുട്ടികൾക്ക് ലഭിക്കേണ്ട ക്ലാസുകൾ നൽകാനാവശ്യമായ ക്രമീകരണം ബി ആർ സി വഴി പെൻഡ്രൈവിൽ കോപ്പി ചെയ്ത് പിന്നീട് ലഭ്യമാക്കും.

 താളുംകണ്ടം കുടിയിൽ കുട്ടികൾക്ക് പഠനത്തിനാവശ്യമായ വൈദ്യുതി കണക്ഷൻ ലഭ്യമാക്കി.30 കുട്ടികളാണ് വ്യത്യസ്ത സമയങ്ങളിൽ അവിടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.തുടർ പഠനത്തിനായി ഒരു വിദ്യാ വോളണ്ടിയറിൻ്റെ സേവനം കുട്ടികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. തുടർച്ചയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പാഠപുസ്തകങ്ങൾ പോലെ ഡിജിറ്റൽ ഉപകരണങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കൽ,നെറ്റ്‌വർക്ക് കവറേജ് സംവിധാനങ്ങൾ ലഭ്യമാക്കുന്നതിന് സാധ്യമായ ഇടങ്ങളിൽ ടവർ സ്ഥാപിക്കുന്നതടക്കമുള്ള വിവിധങ്ങളായ പഠന സംവിധാനങ്ങൾ കൂടി മുഴുവൻ കുട്ടികൾക്കും ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും  എം എൽ എ അറിയിച്ചു.

date