Skip to main content

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍  എല്ലാ കുട്ടികള്‍ക്കും പ്രാപ്യമാക്കും 

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ജില്ലയിലെ കുട്ടികള്‍ക്ക് അത് പ്രാപ്യമാക്കുന്നതിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പഠനത്തിനായുളള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടി സ്വീകരിക്കണം. ഇതിലേക്കായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സമിതികള്‍ അടിയന്തരമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ആസൂത്രണ സമിതി യോഗം യോഗം നിര്‍ദേശിച്ചു.  

കോളനികളിലും മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത വീടുകളിലുമുളള കോവിഡ് രോഗികളെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ചിട്ടുളള ഡിസിസികളില്‍ എത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശഭരണ സ്ഥാപനങ്ങളും മുന്‍കൈ എടുക്കാന്‍ നിര്‍ദേശം നല്‍കി. 

ഈ മാസം 15ന് 'പഞ്ചായത്തില്‍ ഒരു കേന്ദ്രം' എന്ന നിലയില്‍ ഭിന്നശേഷിക്കാര്‍ക്കായി ജില്ലയില്‍ നടക്കുന്ന വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് ഒഴിവാക്കുന്നതിനായി മതിയായ ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും  തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം.  രോഗ ലക്ഷണമുളളവരെ ടെസ്റ്റ് ചെയ്യുന്നതിനും  ക്വാറന്റൈനില്‍ ഉളളവര്‍ക്ക് ആവശ്യമുളള സാധനങ്ങള്‍ എത്തിക്കുന്നതിനുമുളള നടപടി വാര്‍ഡ്തല സമിതികള്‍ മുഖേന തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ തുടരണം.  

കെഎംഎസ്‌സിഎല്‍ ന്റെ നേതൃത്ത്വത്തില്‍ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനുളള അഞ്ച് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ജില്ലയില്‍ ലഭ്യമാക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ യൂണിറ്റുകളുടെ സേവനങ്ങള്‍ എവിടെയെല്ലാമാണ് ലഭ്യമാക്കുന്നത് എന്ന് അറിയിക്കുന്ന മുറയ്ക്ക് ആളുകളെ ടെസ്റ്റിംഗിന് എത്തിക്കുന്നതിനുളള നടപടി തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈക്കൊള്ളണം. 

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ  നടക്കുന്ന പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുളള കോവിഡ് വാക്‌സിനേഷന്‍ പരിപാടി ജൂണ്‍ 15 മുതല്‍ ആരംഭിക്കും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടേയും ആവശ്യമെങ്കില്‍ പ്രൈവറ്റ് ഡോക്ടര്‍മാരുടേയും സേവനം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. 

കണ്ടയ്ന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കേണ്ട പ്രദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് നിര്‍ദ്ദേശം അതാത് മെഡിക്കല്‍ ഓഫീസര്‍ മുഖാന്തിരം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അറിയിക്കാനും യോഗം നിര്‍ദേശിച്ചു.  

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതും ഡെങ്കിപ്പനി, എലിപ്പനി എന്നിവ തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. 

 

date