Skip to main content

ഡയാലിസിസ് രോഗികള്‍ക്കുള്ള ചികിത്സാ സഹായ പദ്ധതിയിലേക്കുള്ള അപേക്ഷാ തീയതി നീട്ടി; അപേക്ഷ ജൂണ്‍ 30 വരെ, ഒരു ഡയാലിസിസിന് 1000 രൂപ വീതം വര്‍ഷം 48000 രൂപ

 

 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ ഡയാലിസിസ് രോഗികള്‍ക്കുള്ള കാരുണ്യ സ്പര്‍ശം ചികിത്സാ സഹായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തീയതി നീട്ടി. പദ്ധതിയിലേക്ക് ജൂണ്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. വ്യാഴാഴ്ച കൂടിയ ജില്ലാ പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് അപേക്ഷാ തീയിതി നീട്ടാന്‍ തീരുമാനിച്ചതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

 

2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്ന രോഗിക്ക് ഒരു ഡയാലിസിസിന് 1000 രൂപ വീതം പ്രതിമാസം നാല് തവണത്തേക്ക് 4000 രൂപ ലഭിക്കും. ഇത് പ്രകാരം ഒരു രോഗിക്ക് ചികിത്സാ സഹായമായി വര്‍ഷം 48000 രൂപക്കാണ് അര്‍ഹതയുള്ളത്.

 

ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളിലായി സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍ക്കാണ് ആനുകൂല്ല്യം ലഭിക്കുക. പദ്ധതിയുടെ ആനുകൂല്ല്യത്തിനായി അപേക്ഷ അതാത് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് നല്‍കേണ്ടത്. പാലിയേറ്റീവ് കെയര്‍ നഴ്സ് അല്ലെങ്കില്‍ ആശാ വര്‍ക്കര്‍ മുഖേന മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

 

മൂന്ന് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിക്ക് അര്‍ഹതയുള്ളത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

 

4.5 കോടി രൂപയാണ് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ഒരു രോഗിക്ക് ആഴ്ചയില്‍ ഒരു ഡയാലിസിസിന് 1000 രൂപ നല്‍കുന്നതില്‍ 750 രൂപ ജില്ലാപഞ്ചായത്തും 250 രൂപ ഗ്രാമ പഞ്ചായത്തുമാണ് നല്‍കുന്നത്.

 

രോഗികള്‍ ഡയാലിസിസ് ചെയ്യുന്ന മുറയ്ക്ക് അതാത് സ്വകാര്യ ആശുപത്രികള്‍ ബില്ലുകള്‍ സാഷ്യപ്പെടുത്തി നല്‍കുന്നതനുസരിച്ച് ഈ ബില്ലുകള്‍ ആശുപത്രികള്‍ക്ക് കൈമാറുന്നതാണ്.

date