Skip to main content

വായനാ പക്ഷാചരണത്തിന് ഇന്ന് തുടക്കമാകും

ജില്ലയിലെ വായനാപക്ഷാചരണത്തിന് ജൂണ്‍ 19 ന്  തുടക്കമാകും. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന പി.എന്‍.പണിക്കര്‍ ദിനം മുതല്‍ ഐ.വി.ദാസ് ദിനമായ ജൂലായ് ഏഴ് വരെയാണ് പക്ഷാചരണം. അനുസ്മരണ പ്രഭാഷണങ്ങള്‍, വായനാ മത്സരങ്ങള്‍, അനുമോദന സദസ്സുകള്‍, ഡോക്യുമെന്ററി നിര്‍മ്മാണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പരിപാടികളാണ് ലൈബ്രറി കൗണ്‍സില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. തടിയന്‍കൊവ്വല്‍ കൈരളി ഗ്രന്ഥാലയത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിക്കും. 

ജില്ലയിലെ മുഴുവന്‍ വായനശാലകളിലും ലൈബ്രറി കൗണ്‍സില്‍ നേതൃത്വത്തിലും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നേതൃത്വത്തിലും പരിപാടികള്‍ നടക്കും. വായനാദിനാചരണത്തിന്റെ 26ാം വര്‍ഷത്തില്‍ ലോക ക്ലാസിക്കുകളിലെ മഹത്തായ 26 കൃതികളെ 26 വാചകങ്ങളുടെ സംക്ഷിപ്ത രൂപത്തില്‍ അവതരിപ്പിക്കുന്ന മത്സരമാണ് ഇത്തവണത്തെ ജില്ലയിലെ പരിപാടികളെ വ്യത്യസ്തമാക്കുന്നത്. കാസര്‍കോട് ജില്ലക്കാരായ പ്രവാസികളുള്‍പ്പെടെ പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും ഇതില്‍ പങ്കാളികളാകാം. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പ്രമുഖ എഴുത്തുകാര്‍ അടങ്ങിയ ജൂറിയാണ് വിധിനിര്‍ണയം നടത്തുക. ഓണ്‍ലൈനായിട്ടായിരിക്കും മത്സരങ്ങള്‍. 

കാന്‍ഫെഡ് ജില്ലാ കമ്മറ്റിയുടെയും പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും നേതൃത്വത്തിലുള്ള വായനാ വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വായനാദിനം മുന്‍ കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു സ്മാരക വായനശാലയുടെ വായനാവാരാചരണം പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ. കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടി കെ.വി. രാഘവന്‍ അനുസ്മരണ പ്രഭാഷണം നടത്തും. മീന്‍കടവ് നായനാര്‍ സ്മാരക പൊതുജന വായനശാലയുടെ വായനാദിനാഘോഷത്തില്‍ പ്രൊഫ. കെ.പി. ജയരാജന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തും. പള്ളിക്കര പീപ്പിള്‍സ് റീഡിഗ് റൂം ആന്‍ഡ് ലൈബ്രറിയുടെ വായനാ പക്ഷാചരണം പ്രൊഫ.കെ.പി. ജയരാജന്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തും.

date