Skip to main content

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ വികസനം ഇടുക്കി ജില്ലയ്ക്ക് അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിന്‍

      ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസനം ജില്ലയുടെ ആരോഗ്യ രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ജലവിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍.  എംഎല്‍എയുടെ പ്രത്യേക വികസന ഫണ്ട് ചിലവാക്കി വാങ്ങിയ പുതിയ ഐസിയു ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ്  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും  മന്ത്രി പറഞ്ഞു.  കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മികച്ച നേട്ടം കൈവരിയ്ക്കാന്‍ സാധിക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷനായിരുന്ന ജില്ല കളക്ടര്‍ എച്ച് ദിനേശന്‍ പറഞ്ഞു.

 മുപ്പത്തി മൂന്നര ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ ഡി ലെവല്‍ ഐസിയു ആംബുലന്‍സില്‍ ആധുനിക സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ഉള്‍പ്പെടെയുള്ളവരെ സമയബന്ധിതമായി ഉന്നത ചികിത്സയ്ക്ക് മറ്റാശുപത്രിയി ലെത്തിക്കാന്‍ സാധിക്കും.

 കെഎസ്ഇബിയുടെ ഫണ്ട് ചിലവഴിച്ച് പുതിയതായി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റ് മന്ത്രി സന്ദര്‍ശിച്ചു.

  പരിപാടിയില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് രവികുമാര്‍ എസ്എന്‍, ആര്‍എംഒ അരുണ്‍ എസ്, സിവി വര്‍ഗ്ഗീസ്, ജോസ് കുഴികണ്ടം, ഡോ ദീപേഷ് വി.വി, ഷിജോ തടത്തില്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date