Skip to main content

കോവിഡ്; മാനസിക സംഘര്‍ഷം നേരിടുന്നവര്‍ക്കായി പ്രത്യേക പരിചരണ പദ്ധതിക്ക് ഇന്ന് തുടക്കം 

♦️ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

♦️ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും
------------------

------------
കോവിഡ് സാഹചര്യത്തില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരെ കണ്ടെത്തി പരിചരണം ലഭ്യമാക്കുന്നതിന് കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന പ്രത്യേക പദ്ധതിക്ക് ഇന്ന് (ജൂണ്‍ 19) തുടക്കമാകും. 
ഒറ്റയ്ക്കല്ല, കൂടെയുണ്ട് കോട്ടയം എന്ന പേരിലുള്ള പദ്ധതി  ഉച്ചയ്ക്ക് 12.30ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. 

കോട്ടയം കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷനാകും. തോമസ് ചാഴികാടന്‍ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ലോഗോ പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി സന്ദേശം നല്‍കും. കില ഡയറക്ടര്‍ ജോയ് ഇളമണ്‍ മുഖ്യ പ്രഭാഷണം നടത്തും. 

കോവിഡ് മരണങ്ങള്‍, രോഗബാധ, ആശുപത്രിവാസം, സമ്പര്‍ക്ക വിലക്ക്, ലോക് ഡൗണ്‍ തുടങ്ങിയവയെല്ലാം നിരവധി പേര്‍ക്ക് മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാന്‍ ഇടയുള്ള സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. 

കോവിഡ് ബാധിച്ചു മരിച്ചവര്‍, ചികിത്സയ്ക്ക് വിധേയരായവര്‍, സമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍ നേരിടുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, സമയം ഫലപ്രദമായി ചിലവഴിക്കാന്‍ കഴിയാത്ത കുട്ടികള്‍, കുടുംബ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവരെ വാര്‍ഡ് തല സമിതികളുടെ സഹകരണത്തോടെ സമീപിക്കുകയാണ് പദ്ധതിയുടെ ആദ്യ പടി. 

ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ച് തീവ്രവൈകാരിക  പ്രശ്നങ്ങള്‍, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ അനുഭവിക്കുന്നവരെ കണ്ടെത്തും. ഇതിനായി പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെയും  എട്ടു  കോളേജുകളിലെ  അഞ്ഞൂറോളം  സോഷ്യല്‍ വര്‍ക്ക് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെയും സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.  ഇവര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ ഇതിനോടകം പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. 

ലഘുവായ മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് പ്രൊഫഷണല്‍ കൗണ്‍സലര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇവര്‍ തന്നെ പരിചരണം ലഭ്യമാക്കും. തീവ്ര വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വിദഗ്ധര്‍ കൗണ്‍സലിംഗ് നല്‍കും.   മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ആവശ്യമെന്നു കണ്ടെത്തുന്നവരെ ജനറല്‍,  താലൂക്ക് ആശുപത്രികളിലെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ക്ക് റഫര്‍ ചെയ്യും.

കോവിഡ് അനുബന്ധ മാനസിക സംഘര്‍ഷങ്ങള്‍ നേരിടുന്ന എല്ലാവര്‍ക്കും പരിചരണം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.  ഇതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചായത്ത് പ്രതിനിധി,  സി.ഡി.എസ് ചെയര്‍പേഴ്സണ്‍, കില ഫെസിലിറ്റേറ്റര്‍, ആരോഗ്യ വകുപ്പ് പ്രതിനിധികള്‍  എന്നിവര്‍ ഈ സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കും.   

കില, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, സോഷ്യല്‍ വര്‍ക്ക് കോഴ്സുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍വര്‍ക്കേഴ്സ്, വനിതാ ശിശു വികസന വകുപ്പ്, ഗ്രാമ  വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ പദ്ധതി നടപ്പാക്കുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് പദ്ധതി വിശദീകരിക്കും. 

എ.ഡി.എം. അശ സി. ഏബ്രഹാം, ആരോഗ്യ കേരളം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ വ്യാസ് സുകുമാരന്‍,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍  ബിനു ജോണ്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.എസ്. ഷിനോ,ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.വി. ആശാമോള്‍, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ ജി. അനീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍,  കേരള  അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ജനറല്‍ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസ്,അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഓഫ് സോഷ്യല്‍ വര്‍ക്ക് സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് ആന്റണി, കില ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എസ്.വി. ആന്റോ, ജില്ലാ മാനസിക ആരോഗ്യ പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. ടോണി തോമസ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍  എന്നിവര്‍ പങ്കെടുക്കും.

date