Skip to main content

ഓണ്‍ലൈന്‍ പഠനം : വിദ്യാര്‍ഥികള്‍ക്ക് ഫോണുകള്‍ നല്‍കി പോലീസ് സഹകരണ സംഘത്തിന്റെ സഹായഹസ്തം

    വിദ്യാര്‍ത്ഥികളുടെ പഠനം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയതോടെ ഫോണുകളുടെ അപര്യാപ്തത പഠനത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലാ പോലീസ് സഹകരണ സംഘം 45 ഫോണുകള്‍ വിതരണം ചെയ്തു. ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  ഉദ്ഘാടനം ചെയ്തു. ഫോണിന്റെ അപര്യാപ്തത കുട്ടികളുടെ പഠനത്തെ ബാധിക്കരുത്. സ്മാര്‍ട്ട് ഫോണുകളുടെ ആവശ്യകത അത്യാവശ്യമാണ്. അതിനായി എല്ലാവരും സംയുക്തമായി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചെയ്യാന്‍ സാധിക്കുന്നവ ചെയ്ത് വരുന്നതായും നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ടവറുകളുടെ നിര്‍മാണം പുരോഗമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പോലീസ് സഹകരണ സംഘത്തിന്റെ ഈ നടപടി അഭിമാനവും സന്തോഷവും അര്‍ഹിക്കുന്നതാണ്. ഒപ്പം ഏവര്‍ക്കും മാതൃകയാണെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ സഹകരണ സംഘം പ്രസിഡന്റ് ജോസഫ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി മുഖ്യാതിഥിയായിരുന്നു.

   26 സ്‌കൂളുകളിലേക്കായി 45 സ്മാര്‍ട്ട് ഫോണുകളാണ് നല്‍കിയത്. കുട്ടികളെ പ്രതിനിധീകരിച്ചു സ്‌കൂള്‍ അധ്യാപകരും പിടിഎ ഭാരവാഹികളും മന്ത്രിയില്‍ നിന്നും ഫോണുകള്‍ ഏറ്റു വാങ്ങി

.
  ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി മന്ത്രി റോഷി അഗസ്റ്റിന് അനുമോദനവും ജില്ലാ പോലീസിന്റെ ആദരവും സമര്‍പ്പിച്ചു. കൂടാതെ അപകടത്തില്‍ മരണപ്പെട്ട ഉടുമ്പഞ്ചോല സ്റ്റേഷനിലെ സിപിഒ ബിനീഷിന്റെ കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക 10 ലക്ഷം രൂപ മന്ത്രി വിതരണം ചെയ്തു. ബിനീഷിന്റെ അമ്മ ശ്യാമളദേവി, ഭാര്യ അംബിക, മകന്‍ ആദി എന്നിവര്‍ തുക ഏറ്റു വാങ്ങി.  ജില്ലയിലെ എല്ലാ പോലീസുകാരെയും സഹകരണ സംഘത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളാക്കിയിട്ടുണ്ട്.

   32 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഡിസിആര്‍ബി എസ്‌ഐ അലി അക്ബറിന് മന്ത്രിയും പോലീസ് മേധാവിയും ഉപഹാരങ്ങള്‍ നല്‍കി.

    ഇടുക്കി ജില്ലാ പോലീസ് ലൈബ്രറി സമാഹരിച്ച 25000 രൂപയുടെ ചെക്ക് ലൈബ്രറി സെക്രട്ടറി സനല്‍ ചക്രപാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നല്‍കുന്നതിനായി മന്ത്രിക്ക് കൈമാറി.

   പരിപാടിയില്‍ സഹകരണ സംഘം വൈസ് പ്രസിഡന്റ് ജോസഫ് കെഎസ്, സെക്രട്ടറി എച്ച് സനല്‍കുമാര്‍, കെപിഎ സെക്രട്ടറി ഇജി മനോജ്കുമാര്‍, പ്രസിഡന്റ് ബിനോയ് ടിഎം, കെപിഒഎ സെക്രട്ടറി പികെ ബൈജു, പ്രസിഡന്റ് ടിപി രാജന്‍, പോലീസ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date