Skip to main content

കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന  പദ്ധതികള്‍ നടപ്പാക്കും: മന്ത്രി പി പ്രസാദ്

 

ആലപ്പുഴ: കര്‍ഷകന് സമൂഹത്തില്‍ അന്തസായി ജീവിക്കുന്നതിന് വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാല നടപ്പാക്കുന്ന 'തിരുവാതിര ഞാറ്റുവേല കാര്‍ഷിക സര്‍വകലാശാലക്കൊപ്പം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

കാലാവസ്ഥാ വ്യതിയാനം പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകുമ്പോള്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവുകയാണ്. ഈ അവസ്ഥയില്‍ വിള ഇന്‍ഷുറന്‍സ് പോലുള്ള പരിപാടിയിലൂടെ കര്‍ഷകര്‍ക്ക് കൈത്താങ്ങേകാനാണ് സര്‍ക്കാര്‍ ശ്രമം. മണ്ണും കൃഷിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. ഓരോ മനുഷ്യരും എല്ലാ ദിവസവും അരമണിക്കൂറെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട് നില്‍ക്കണമെന്നും ഞാറ്റുവേല കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തില്‍ പ്രഗത്ഭമാണെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ സമൂഹത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കേണ്ടവരാണ്. കൃഷിവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങിലും പ്രദേശത്തെ കര്‍ഷകരുടെ പ്രതിനിധിയായി ഒരു കര്‍ഷകന്‍ വേദിയുടെ മുന്‍പന്തിയില്‍ വേണമെന്ന് കൃഷിവകുപ്പ് തീരുമാനിച്ചിരുന്നു. ഇതാദ്യമായ് മുഹമ്മയില്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത അത്യുത്പാദന ശേഷിയുള്ള വിത്തുകള്‍, നടീല്‍ വസ്തുക്കള്‍, ജൈവ വളങ്ങള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ തുടങ്ങിയവ കര്‍ഷകരുടെ വീട്ടു പടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരളകാര്‍ഷിക സര്‍വകലാശാല  നടപ്പാക്കുന്ന 'തിരുവാതിര ഞാറ്റുവേല കാര്‍ഷിക സര്‍വകലാശാലയ്‌ക്കൊപ്പം' എന്ന വിജ്ഞാന വ്യാപന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയോടാനുബന്ധിച്ച് പട്ടികജാതി പട്ടിക വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് വിത്തും നടീല്‍ വസ്തുക്കളും നല്‍കി. നടീല്‍ വസ്തുക്കളുടെ വിതരണം മന്ത്രി നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് സര്‍വകലാശാല വികസിപ്പിച്ചെടുത്ത വിത്തും നടീല്‍ വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.

മുഹമ്മ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ടി. റെജി അധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ആര്‍. ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്തംഗം വി. ഉത്തമന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍. ശ്രീരേഖ, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജിജു പി. അലക്‌സ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.സി. ഷീന, കര്‍ഷക പ്രതിനിധി ഡി. ഷാജി, ഗ്രാമപഞ്ചായത്ത്  അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

date