Skip to main content

ജലജന്യരോഗം പിടിപെട്ടവരുടെ വീടുകളിലെ  വെള്ളം പരിശോധിക്കും: ജില്ല കളക്ടര്‍

 

ആലപ്പുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഛർദ്ദിയും അതിസാരവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗം കണ്ടെത്തിയവരുടെ വീടുകളിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കാൻ ജില്ല കളക്ടർ എ. അലക്സാണ്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ ചേർന്ന അടിയന്തര യോഗത്തിലായിരുന്നു നിർദ്ദേശം. ആരോഗ്യം, നഗരസഭ, ജലഅതോറിറ്റി, ഭക്ഷ്യസുരക്ഷ വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തേണ്ടത്. എല്ലാവരും വീടുകളിലെ ടാങ്കുകൾ ശുചീകരിക്കണം. വീടുകളിലെ ടാങ്കിൽ ക്ലോറിൻ ഗുളിക/ലായനി ഒഴിച്ച് അണുവിമുക്തമാക്കണം. നഗരസഭയുടെ നേതൃത്വത്തിൽ വീടുകളിൽ ക്ലോറിൻ ഗുളിക വിതരണം ചെയ്യണമെന്നും കളക്ടർ പറഞ്ഞു. ആർ.ഒ. പ്ലാന്റുകളിൽ നിന്നും മറ്റു സ്രോതസുകളിൽ നിന്നും ലഭിക്കുന്ന ജലം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. മോട്ടോർ, ഹാന്റ് പമ്പ് എന്നിവ ഉപയോഗിച്ച് ജലം വലിച്ചെടുക്കരുത്. ചിക്കൻ അടക്കമുള്ള മാംസാഹാരം നല്ലപോലെ വേവിച്ചതിനു ശേഷമേ ഭക്ഷിക്കാവൂ. പഴകിയ ഭക്ഷണം കഴിക്കരുത്. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. രോഗം വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായി ജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പരമാവധി ജാഗ്രത പുലർത്തണമെന്നും കളക്ടർ പറഞ്ഞു. യോഗത്തിൽ ജില്ല മെഡിക്കൽ ഡോ. എൽ. അനിതാകുമാരി, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

date