Skip to main content

കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ വിദേശ വിപണി കീഴടക്കാൻ നൂതന പദ്ധതികൾ നടപ്പാക്കും: മന്ത്രി പി പ്രസാദ് 

 

ആലപ്പുഴ: കേരളത്തിലെ കാർഷിക ഉത്പ്പന്നങ്ങൾക്ക്‌ വിദേശ വിപണി കീഴടക്കാൻ സഹകരണ വകുപ്പുമായി കൈകോർത്ത് നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷക സംവാദവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷിക മേഖലയ്ക്ക്‌ ലോകത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പാകത്തിനുള്ള പദ്ധതികളായിരിക്കും നടപ്പാക്കുക. ഇതിനായി ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ രൂപീകരിക്കും. കേന്ദ്രസഹായങ്ങൾ കൂടി ലഭ്യമാക്കി കർഷകരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിയുമായി ഒരാഴ്ചക്കകം യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 

നമ്മുടെ കാർഷിക ഉത്പ്പന്നങ്ങൾ  ലോകത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ കൂടുതൽ സംവിധാനങ്ങൾ നടപ്പാക്കേണ്ടത് ആവശ്യമാണ്. ദേശീയ വിപണി മാത്രമല്ല അന്താരാഷ്ട്ര വിപണി കൂടി കീഴടക്കണം. ഇതിനായി മെച്ചപ്പെട്ട കാർഷിക ഉത്പ്പന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കണം. ഉത്പ്പാദനക്ഷമത വർധിപ്പിക്കണം. കൂടുതൽ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉണ്ടായാൽ മാത്രമേ വിദേശ വിപണിയിൽ പിടിച്ചു നിൽക്കാൻ സാധിക്കുകയുള്ളൂ. കഞ്ഞിക്കുഴിയിലെ കർഷകർക്ക് സഹായകമാകുന്ന നിരവധി പദ്ധതികൾ ഇനിയും നടപ്പാക്കാൻ സഹകരണ ബാങ്കിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.

ബാങ്ക് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. കർഷക സംവാദത്തിൽ കഞ്ഞിക്കുഴിയിലെ കർഷകരായ ആനന്ദൻ അഞ്ചാൻ തറ, പുഷ്പ ജൻ, ശുഭ കേശൻ, ബോർഡ് അംഗങ്ങളായ ജി. മുരളി, വി. പ്രസന്നൻ, കെ. കൈലാസൻ, ടി. രാജീവ്, കെ. ഷണ്മുഖൻ, ടി.ആർ. ജഗദീശൻ, സി. വിജയ, കെ.കെ. പ്രസന്ന കുമാരി,  കാർഷിക ഉപദേശക സമിതി കൺവീനർ ജി. ഉദയപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

date