Skip to main content

ദരിദ്ര കുടുംബങ്ങളുടെ ജീവിത സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഈസ് ഓഫ് ലിവിങ് സര്‍വേ

2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസില്‍ ദരിദ്രരായി കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് പിന്നീടുണ്ടായ ഉയര്‍ച്ച വിലയിരുത്തുന്നതിനായി ഈസ് ഓഫ് ലിവിങ് സര്‍വേ ജില്ലയില്‍  ജൂലൈ അഞ്ച് മുതല്‍ 20 വരെ നടക്കും. നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ആര്‍.ആര്‍.ടി, അങ്കണവാടി വര്‍ക്കര്‍ തുടങ്ങിയ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് സര്‍വേ.  സര്‍വേയുടെ വിവരശേഖരണത്തിനുളള ചുമതല  വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കാണ്.   സര്‍വേ മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ ബ്ലോക്ക് തലത്തില്‍ ക്രോഡീകരിച്ച് ഈസ് ഓഫ് ലിവിങ് സര്‍വേ പോര്‍ട്ടലില്‍ രേഖപ്പെടുത്തും. കുടുംബങ്ങളില്‍   വൈദ്യുതി, പാചകവാതകം എന്നിവ ലഭ്യമാണോ,  ലൈഫ് ഇന്‍ഷൂറന്‍സ്, അപകട ഇന്‍ഷൂറന്‍സ് എന്നീ പരിരക്ഷ ലഭിച്ചവരാണോ,  സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നുണ്ടോ, പി.എം.എ.വൈ ഭവന പദ്ധതിയില്‍ നിന്നും വീട് ലഭിച്ചവരാണോ മുതലായ 17 അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചാണ് ദരിദ്ര കുടുംബങ്ങളുടെ ഉന്നമനം വിലയിരുത്തുന്നത്. സര്‍വേയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിനായുള്ള ബ്ലോക്ക് തല ശില്‍പശാല ഇന്ന് (ജൂലൈ രണ്ട്) എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും നടക്കും. സര്‍വേ വിജയകരമായി നടത്തുന്നതിന് ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ആര്‍.ആര്‍.ടി, അങ്കണവാടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സഹകരിക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.

date