Skip to main content

പരിസ്ഥിതി ദിനം: ജില്ലയില്‍ തയാറാക്കുന്നത് 14 ലക്ഷത്തിലധികം വൃക്ഷത്തൈകള്‍; നടുന്ന തൈകളുടെ സംരക്ഷണം മൂന്നു വര്‍ഷം വരെ ഉറപ്പു വരുത്തണം

 

 

കൊച്ചി: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വിതരണം ചെയ്യാന്‍ ജില്ലയില്‍ പഞ്ചായത്തുകളുടെ കീഴില്‍ തയാറാക്കിയിരിക്കുന്നത് 14 ലക്ഷത്തിലധികം വൃക്ഷത്തൈകള്‍.  ദിനത്തില്‍ തൈകള്‍ നടുന്നതു മാത്രമല്ല നടുന്ന തൈകളുടെ സംരക്ഷണം ഉറപ്പുവരുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. മൂന്നു വര്‍ഷം വരെ ഇവയ്ക്കു വേണ്ട പരിചരണം ഏറ്റെടുത്തു നടത്തും. ഇതിനു വേണ്ട മുഴുവന്‍ ക്രമീകരണങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.

 

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ദിനാചരണത്തിനു വേണ്ട പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. ഇതിനായി മിഷന്റെ മേല്‍നോട്ടത്തില്‍ തന്നെ വൃക്ഷത്തൈകള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകരാണ് തൈകള്‍ മുളപ്പിച്ചെടുത്ത് സംരക്ഷിക്കുന്ന പ്രവര്‍ത്തനം പൂര്‍ണമായും ഏറ്റെടുത്തത്. ജില്ലയില്‍ ഓരോ ബ്ലോക്കിനുമായിരുന്നു ചുമതല. ബ്ലോക്കിന്റെ കീഴിലുള്ള ഓരോ പഞ്ചായത്തും തൊഴിലുറപ്പു പദ്ധതിക്കാരുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പിലാക്കി. 82 പഞ്ചായത്തുകളിലായി 14 ലക്ഷത്തിലധികം തൈകളാണ് നടാനായി തയ്യാറായത്. 2017-18 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.

മുളപ്പിക്കാനുള്ള വിത്തുകള്‍ തെരഞ്ഞെടുത്തത് പ്രത്യേക മാനദണ്ഡങ്ങള്‍ പാലിച്ചാണ്. പാഴ്മരങ്ങള്‍ ഒഴിവാക്കി ഫലവൃക്ഷങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. നാട്ടില്‍ നിന്നും അപ്രത്യക്ഷമായ പാരമ്പര്യ ഫലവൃക്ഷങ്ങള്‍ തന്നെ ഇതില്‍ ഒന്നാമതെത്തി. നാട്ടുമാവിന്റ തൈകള്‍ പല നഴ്‌സറികളിലും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെല്ലി, സീതപ്പഴം, മുരിങ്ങ, ആര്യവേപ്പ്, കൊക്കോ, പ്ലാവ്, ചമ്പ, കുടം പുളി, വാളം പുളി, ആന്ത, മാവ് ,അമ്പഴം , കശുമാവ്, മുട്ടപ്പഴം, വേപ്പ്, മഹാഗണി ആഞ്ഞിലി എന്നീ വൃക്ഷത്തൈകളും നഴ്‌സറികളില്‍ ലഭ്യമാണ്.

 

പഞ്ചായത്ത് പ്രദേശത്തുള്ള തരിശുഭൂമികള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും നദികളുടെയും കനാലുകളുടെയും തീരങ്ങളിലൂം ,റോഡിന്റെ ഇരുവശങ്ങളിലുമാണ് തൈകള്‍ നടാന്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയായിരിക്കും തൈകളുടെ വിതരണം. ഓരോ യൂണിറ്റിനും 25 തൈകള്‍ വീതം നല്‍കും. ബി.പി.എല്‍ കാര്‍ഡുടമകള്‍ എസ്.സി, എസ്.ടി വിഭാഗക്കാര്‍, എന്നിവര്‍ക്കായിരിക്കും ആദ്യ വിതരണം ചെയ്യുക.

 

നടുന്ന തൈകളുടെ പൂര്‍ണ ഉത്തരവാദിത്വം വിതരണം ചെയ്യുന്നവര്‍ക്കുണ്ടാകും. ഇതിനായി വാര്‍ഡു തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്തംഗം അധ്യക്ഷനും എ.ഡി.എസ് സെക്രട്ടറി കണ്‍വീനറുമായിട്ടായിരിക്കും കമ്മിറ്റി രൂപീകരിക്കുക. മൂന്നു മാസം വരെ ചെടികളുടെ പൂര്‍ണ ഉത്തരവാദിത്വം കമ്മിറ്റിക്കായിരിക്കും. ഒരു ചെടിയുടെ സംരക്ഷണത്തിനായി പതിനേഴു രൂപ ഇതിനായി ഒരു മാസം പഞ്ചായത്ത് നല്‍കും. ചെടി നശിച്ചു പോയാല്‍ പുതിയത് തല്‍സ്ഥാനത്തു നടണം. എല്ലാ മാസവും കമ്മിറ്റി ചെടികള്‍ സന്ദര്‍ശിച്ച് സാക്ഷ്യപത്രം പഞ്ചായത്തിനു നല്‍കണം. വീഴ്ച പറ്റിയാല്‍ പിഴ ഈടാക്കുന്നതു വരെയുള്ള ശിക്ഷകളും ലഭിക്കും. ചെടികളുടെ സംരക്ഷണ ചുമതല മൂന്നു വര്‍ഷം വരെ തുടരും. വൃക്ഷത്തൈകള്‍ നടുന്നതും  പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ ഓഡിറ്റിന് വിധേയമായിരിക്കും. ഓരോ വര്‍ഷത്തില്‍ നട്ടതും അതിജീവിക്കുന്നതുമായ വൃക്ഷത്തെകളുടെ വിശദാംശങ്ങള്‍ അതാതു ഗ്രാമസഭകളില്‍ അവതരിപ്പിക്കണം. 

date