Skip to main content

ലൈഫ് പദ്ധതി ഒന്നാം ഘട്ടം:  എറണാകുളം ജില്ല ഒന്നാമത്

 

 

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു. ആകെ ജില്ലയില്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്ന 1078  വീടുകളില്‍ 1000  വീടുകളും പൂര്‍ത്തീകരിച്ചു. 93% വീടുകളും പൂര്ത്തീകരിച്ചാണ് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത്.  പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ള 78 വീടുകള്‍ ജൂണ്‍ 20-നകം പൂര്‍ത്തിയാക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കര്‍മസമിതി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. 

 

ഒന്നാംഘട്ടത്തില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് ജില്ലയില്‍ 24 കോടി രൂപയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തുകള്‍ 97% പൂര്‍ത്തീകരിച്ചപ്പോള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ 96% വീടുകള്‍ പൂര്‍ത്തീകരിച്ചു. മുനിസിപ്പാലിറ്റി 94%, എസ്.സി  വകുപ്പ് 93%, ഫിഷറീസ് 90%, എസ്.ടി വകുപ്പ് 91%, കൊച്ചി കോര്‍പറേഷന്‍ 71%.  എന്നിങ്ങനെ വീടുകള്‍ പൂര്‍ത്തിയാക്കി. ആകെ 650-ല്‍ 606 വീടുകളുടെ നിര്‍മാണം  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കി.. ബ്ലോക്ക് പഞ്ചായത്തുകള്‍ 258 വീടുകളില്‍ 247, ഗ്രാമപഞ്ചായത്തുകളില്‍ 236 ല്‍  228,  മുനിസിപ്പാലിറ്റികളില്‍ 87ല്‍ 82,  കോര്‍പ്പറേഷനില്‍ 69 ല്‍ 49 എന്നിങ്ങനെയാണ് പൂര്‍ത്തിയാക്കിയ വീടുകളുടെ എണ്ണം. വിവിധ വകുപ്പുകള്‍ ആകെ നിര്‍മിക്കാനുദ്ദേശിച്ച 428 വീടുകളില്‍ 394 എണ്ണം പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള 254 വീടുകളില്‍ 236 എണ്ണവും പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ 141 എണ്ണത്തില്‍ 128 എണ്ണവും പൂര്‍ത്തിയായി. ഫിഷറീസ് വകുപ്പിനു കീഴില്‍ ഇരുപത്തിയെട്ടും മൈനോറിറ്റി വെല്‍ഫയറിനുകീഴില്‍ രണ്ടു വീടുകളും പൂര്‍ത്തീകരിച്ചു. 

ലൈഫ് മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനമായ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടു നല്‍കുന്നതിലും എറണാകുളം ജില്ലയാണ് മുന്നിട്ടു നില്ക്കുന്നത്. 10575 പേരാണ് ഭൂമിയുള്ള ഭവനരഹിതര്‍ എന്ന നിലയില്‍ ലൈഫ് പദ്ധതി വഴി അപേക്ഷ സമര്‍പ്പിച്ചത്. ഇതില്‍ 1669 പേര്‍ക്ക് ബില്‍ഡിങ് പെര്‍മിറ്റ് നല്കി. 1524 പേര്‍ കരാര്‍ വയ്ക്കുകയും 942 പേര്‍ക്ക് ആദ്യഗഡു നല്കുകയും ചെയ്തു.  ഏഴു കോടി രൂപയാണ് ഇതിനകം രണ്ടാം ഘട്ടത്തില്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 12 പുതിയ വീടുകള്‍ പൂര്‍ത്തീകരിച്ചു. മുപ്പതിലധികം വീടുകള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് ലൈഫ്ഗുണഭോക്താക്കള്‍ക്ക് 3500 പുതിയ ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്തു. ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പുപദ്ധതിയില്‍ 90 ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ നല്കുന്നുണ്ട്. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ വീടുകള്‍ക്കുള്ള സിമന്റ് ബ്‌ളോക്കുകള്‍ നിര്‍മിക്കുന്നതിന് 61 നിര്‍മാണയൂണിറ്റുകള്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എല്ലാ ബ്‌ളോക്കുകളിലും ലൈഫ് പദ്ധതിക്കായി കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. അങ്കമാലി ബ്‌ളോക്കിലെ മഞ്ഞപ്ര പഞ്ചായത്തില്‍ ജൂണ്‍ ആദ്യവാരം കുടുംബശ്രീ കെട്ടിട നിര്‍മാണ യൂണിറ്റിന്റെ പരിശീലനം ആരംഭിക്കും. കേന്ദ്രസംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് ലൈഫ് ഗുണഭോക്താക്കളുടെ നൈപുണ്യവികസനത്തിനും തൊഴില്‍ സുരക്ഷയ്ക്കുമുള്ള പദ്ധതി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്നു.

 ലൈഫ് പദ്ധതിയുടെ പ്രവര്‍ത്തനഘട്ടങ്ങളില്‍ സഹായം നല്കുന്നതിനായി ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും ഉദേ്യാഗസ്ഥരും മുന്നിട്ടിറങ്ങിയത് പദ്ധതിക്ക് ഊര്‍ജം പകര്‍ന്നെന്ന്

ലൈഫ് മിഷന്‍ കണ്‍വീനറും ജില്ലയുടെ പ്രൊജക്റ്റ് ഡയറക്ടറുമായ കെ.ജി തിലകനും, ഡിസ്ട്രിക്ട് കോര്‍ഡിനേറ്ററായ ഏണസ്‌റ് തോമസും അറിയിച്ചു.

date