Skip to main content

സ്വപ്‌ന പദ്ധതി ഓഷ്യനേറിയം വൈപ്പിനിൽ യാഥാർഥ്യമാകുന്നു 

 

 

എറണാകുളം : ആഗോളതലത്തിൽ തന്നെ അപൂർവ്വമായ ഓഷ്യനേറിയത്തിന് വൈപ്പിൻ കരയിൽ യാഥാർഥ്യമാകുന്നു. ജൂലൈ 8  ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ പുതുവൈപ്പ് സെന്റർ ഫോർ മറൈൻ റിസോഴ്‌സസ് ലിവിംഗ് ആൻഡ് എക്കോളജിയിൽ (സിഎംആർഎൽഇ ) നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് സുപ്രധാന ധാരണയുണ്ടാകും. ഓഷ്യനേറിയത്തിനു പുറമെ വിവിധ കണ്ടൽ ഇനങ്ങളുടെ ശാസ്ത്രീയ സംരക്ഷണം ഉൾക്കൊള്ളുന്ന ബൊട്ടാണിക്കൽ ഗാർഡൻ, ഡോൾഫിൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സമുദ്രോത്പന്ന സംസ്‌കരണം തുടങ്ങി വിവിധ ഘടക പദ്ധതികൾ ഉൾക്കൊള്ളുന്ന സമഗ്ര അക്വാ പാർക്ക് എന്ന സമീപനമാണ് കൺസെപ്റ്റ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്. ടൂറിസ്റ്റുകളെ വൻതോതിൽ ആകർഷിക്കുന്ന ഓഷ്യനേറിയം സമഗ്ര പദ്ധതി വൻതോതിൽ തൊഴിലവസരങ്ങളും ഒരുക്കും. മത്സ്യത്തൊഴിലാളികൾ, പ്രദേശ വാസികൾ എന്നിവരുടെയെല്ലാം മികച്ച ക്ഷേമം പദ്ധതി ഉറപ്പാക്കും. പരിസ്ഥിതിയുടെ പ്രത്യേകിച്ച് അവഗണിക്കപ്പെട്ടു പോകാറുള്ള തീരത്തിന്റെയും സമുദദ്ര ജീവികളുടെയും സംരക്ഷണം, ഇതേക്കുറിച്ചുള്ള അവബോധം, ഗവേഷണാവസരങ്ങൾ എന്നിവയ്‌ക്കെല്ലാം പദ്ധതി അവസരമൊരുക്കും. പുതുവൈപ്പിൽ 133 ഏക്കറിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവ് 250 കോടി രൂപയാണ് അനുമാനിക്കുന്നത്. നാല് വർഷമാണ് പദ്ധതി നിർവ്വഹണ കാലാവധി. കേന്ദ്ര, സംസ്ഥാന, സ്വകാര്യ പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാകും.

 

 പദ്ധതി കൺസെപ്റ്റ് റിപ്പോർട്ട് ആധാരമാക്കി നടക്കുന്ന യോഗത്തിനു മുന്നോടിയായി സിഎംആർഎൽഇ ഉൾപ്പെടെ പദ്ധതിപ്രദേശം സന്ദർശിച്ച കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഫിഷറീസ് ഉദ്യോഗസ്ഥരുമായി വിശദ ചർച്ച നടത്തി.  വൈപ്പിൻ മണ്ഡലത്തിന്റെ വൻ വികസനക്കുതിപ്പ് ഉറപ്പാക്കുന്ന നിർദിഷ്‌ട ഓഷ്യനേറിയം വൈപ്പിൻ തീരത്തിന്റെ പശ്ചാത്തലത്തിൽ ഏറെ സവിഷേതകളുണ്ട്. ഏറ്റവുമധികം കടൽ ജൈവ വൈവിധ്യം ഉൾക്കൊള്ളുന്ന തീരമാണ് വൈപ്പിനിലേത്. അതുകൊണ്ടുതന്നെ പദ്ധതി പ്രാബല്യത്തിലാക്കുന്നതിന് ഏറ്റവും മുന്തിയ പ്രാമുഖ്യം നൽകും. 

പ്രാദേശിക സാഹചര്യത്തിന് യോജിച്ച പ്രായോഗികതയിലൂന്നിയ സമീപനമായിരിക്കും പദ്ധതി നിർവഹണത്തിൽ അവലംബിക്കുകയെന്ന്  കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു. പദ്ധതിയുടെ കൺസെപ്റ്റ് റിപ്പോർട്ട്  കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയ്ക്ക് ഫിഷറീസ് ജോയിന്റ് ഡയറക്‌ടർ ഡോ. ആശ അഗസ്റ്റിൻ കൈമാറി. പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ പ്രാഥമിക ഫണ്ടും ഓഫീസും അനുവദിക്കുന്നതിലും  ഡി പി ആർ തയ്യാറാക്കുന്നതിന് ഏജൻസിയെ ഏർപ്പാടാക്കുന്നതിലും സത്വര നടപടിക്കും  എംഎൽഎ ഉറപ്പുനൽകി. ഫിഷറീസ് വകുപ്പ് ജൂനിയർ സൂപ്രണ്ട് പി സന്ദീപ്, രതിനവേൽ (സിഎംആർഎൽഇ) എന്നിവർ സന്നിഹിതരായിരുന്നു . 

date