Skip to main content

കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതികള്‍ക്കായി സര്‍ക്കാറിനെ സമീപിക്കും - എം.എല്‍.എ നിളാ പാര്‍ക്കിന്റെ നവീകരണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

കുറ്റിപ്പുറത്ത് ഇടശ്ശേരി സ്മാരകം കൂടി ഉള്‍പ്പെടുത്തി പുതിയ ടൂറിസം പദ്ധതി തയ്യാറാക്കി സര്‍ക്കാറിന്റെ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. ഇതിന്റെ ഭാഗമായി എം.എല്‍.എയുടെ അധ്യക്ഷതയില്‍ കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍  ജനപ്രതിനിധികളുടേയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേര്‍ന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വില്ലേജില്‍ നിന്നുള്ള സ്‌കെച്ചോടുകൂടി പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാന പ്രകാരം ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാനാണ് യോഗത്തിന്റെ തീരുമാനം.

കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ നിലവില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനും എം.എല്‍.എ യോഗത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. നിളയോരം പാര്‍ക്കില്‍ കൂടുതലായി ആവശ്യമുള്ള വൈദ്യുതി ലഭ്യമാക്കുന്നതിനായി അഡീഷണല്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയില്‍, വൈസ് പ്രസിഡന്റ് കെ.ടി സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് അംഗം മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ. സഹീര്‍ മാസ്റ്റര്‍, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് അഷ്റഫ് അലി, വി.പി റിജിത ഷലീജ്, ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍ കെ.കെ, ഡി.ടി.പി.സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, കുറ്റിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. അലി ഹാജി, ടെക്നോ ആര്‍ക്കിടെക്ചര്‍ വിജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date