Skip to main content

ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനകിറ്റുകൾ തയ്യാറായി

സമഗ്ര ശിക്ഷാ കാസർകോടിന്റെ ആഭിമുഖ്യത്തിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പഠനപിന്തുണയും തെറാപ്യൂട്ടിക് ഇടപെടലുകളും  സാധ്യമാക്കുന്നതിനുള്ള പഠനകിറ്റുകൾ തയ്യാറായി. ജില്ലയിലെ 100 ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റുകൾ ലഭിക്കുക.  കാലിക്കറ്റ് സർവകലാശാലയുടെ സിഡിഎംആർ പ്രോജക്ടിന്റെയും എൻഐഇപിഐഡി സെക്കന്തരാബാദിന്റെയും സഹായത്തോടെയാണ് സംസ്ഥാനത്ത് ഒരു കോടി രൂപയുടെ പഠനോപകരണങ്ങൾ ലഭ്യമായിരിക്കുന്നത്. ജില്ലയിൽ 10 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്യുക. ജൂലൈ എട്ടിന് കാസർകോട് ടൗൺ ജിയുപി സ്‌കൂളിൽ വെച്ച് കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും വിതരണോദ്ഘാടനം നടക്കുക.
കുട്ടികളുടെ പ്രായം, വൈകല്യത്തിന്റെ തീവ്രത എന്നിവയ്ക്കനുസരിച്ച് തയ്യാറാക്കിയവയാണ് ഈ പഠനോപകരണ കിറ്റുകൾ. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വീടുകളിൽനിന്ന് പരിശീലനം നൽകാൻ സഹായകരമായ ഇരുപത്തി രണ്ടോളം പരിശീലന സഹായ ഉപകരണങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ കായികക്ഷമത, സംസാരം, ശ്രദ്ധ, ഏകാഗ്രത, ആശയ വിനിമയശേഷി, സാമൂഹിക നൈപുണി എന്നിവ വികസിപ്പിക്കുന്നതിന് ഇവ സഹായകരമാവും.
സംസ്ഥാനതല വിതരണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് നിർവഹിച്ചു. കിറ്റിലെ ഉപകരണങ്ങളുടെ ഉപയോഗക്രമം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനായി സ്‌പെഷ്യൽ എജുക്കേറ്റർമാർ പരിശീലനം നൽകും. തുടർപിന്തുണ സംവിധാനവുമുണ്ടാകും. 10,000 രൂപയെങ്കിലും വില വരുന്നതാണ് ഓരോ കിറ്റും.
മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തിയിട്ടുള്ളത്. അവർ എത്തിച്ചേരേണ്ട തീയതി, സ്ഥലം, കൊണ്ടുവരേണ്ട രേഖകൾ തുടങ്ങി എല്ലാ വിവരവും അറിയിച്ചിട്ടുണ്ടെന്ന് സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ പി രവീന്ദ്രൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ഡി നാരായണ എന്നിവർ അറിയിച്ചു.

date