Skip to main content
ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകൾ ഇ-ഓഫീസ് പ്രഖ്യാപനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു

ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസുകൾ ഇ-ഓഫീസുകളായി

മൃഗസംരക്ഷണവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതി ഇനി കാസർകോടിന് സ്വന്തം. സമ്പൂർണ ഇ-ഓഫീസ് പ്രഖ്യാപനം കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു. സർക്കാർ ജീവനക്കാർക്ക്  ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കാനും ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ വേഗത്തിലും കൃത്യതയോടെയും നൽകാനുള്ള  മികച്ച സാധ്യതയാണ് ഇ-ഓഫീസ് സംവിധാനം നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.  ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷനായി. ജില്ലാ ഓഫീസിന് പുറമെ വകുപ്പിലെ എല്ലാ സബ്ബ് ഓഫീസുകളും പരസ്പരം ബന്ധിപ്പിച്ചതിലൂടെ ജനങ്ങൾക്കും ജീവനക്കാർക്കും കൂടുതൽ വേഗത്തിൽ കാര്യക്ഷമതയോടെ പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന്  ജില്ലാ കളക്ടർ  പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്  കീഴിലുള്ള ജില്ലയിലെ ഓഫീസുകൾ, ഗ്രാമപഞ്ചായത്ത് തലത്തിലെ മൃഗാശുപത്രികൾ, പെർള, കുഞ്ചത്തൂർ ചെക്ക് പോസ്റ്റുകൾ, ബദിയഡുക്കയിലെ  കന്നുകാലി ഫാം അടക്കം 50 സ്ഥാപനങ്ങളാണ്  ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയത്. മൃഗസംരക്ഷണ വകുപ്പിന് ജില്ലയിലെ മുഴുവൻ ഓഫീസുകളും ഇ ഓഫീസിലേക്ക് കടക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമാണ്.
വകുപ്പിന്റെ ഓഫീസുകൾ ഇ-ഓഫീസുകളാകുന്നതോടെ ഫയലുകൾ സുതാര്യമായും വേഗത്തിലും തീർപ്പാക്കൻ കഴിയും. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനും ജില്ലാ തലത്തിലും സംസ്ഥാനത്തിലും മോണിറ്റർ ചെയ്യുവാനും സാധിക്കും. പൊതുജനങ്ങൾക്ക് കത്തുകൾ, അപേക്ഷകൾ തുടങ്ങിയവ ഇ-മെയിൽ ചെയ്ത്  സമർപ്പിക്കാം. ഫയലുകൾ ട്രാക്ക് ചെയ്യുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ ആവശ്യങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്താനും, സേവനങ്ങളുടെ സുതാര്യത ഉറപ്പ് വരുത്താനുമാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ ഗീതാകൃഷ്ണൻ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ,  മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ ഡോ. എസ് എം സാബു, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി. നാഗരാജ്, ഇ-ഓഫീസ് നോഡൽ ഓഫീസർ ഡോ. ജി.എം സുനിൽ എഡിസിപി ജില്ലാ കോ ഓർഡിനേറ്റർ ഡോ എസ് മഞ്ജു എന്നിവർ പങ്കെടുത്തു.

date