Skip to main content

ജനങ്ങളുടെ ജീവിതനിലവാരം പഠിക്കാന്‍ ഗ്രാമവികസന വകുപ്പിന്‍റെ 'ഈസ് ഓഫ് ലിവിങ്' സര്‍വേ

 

 

മെച്ചപ്പെട്ട ജീവിതശൈലിയിലേയ്ക്ക് പരിവര്‍ത്തന പ്രക്രിയയ്ക്ക് വഴികാട്ടിയായി 'ഈസ് ഓഫ് ലിവിങ്' സര്‍വ്വേ വരുന്നു. 2011ല്‍ നടന്ന സോഷ്യോ-ഇക്കണോമിക്-കാസ്റ്റ് സെന്‍സസില്‍, പിന്നോക്കാവസ്ഥയിലെന്ന് കണ്ടെത്തിയ കുടുംബങ്ങളുടെ ഇപ്പോഴത്തെ ജീവിതനിലവാരം പഠിക്കുന്നതിനായി ഗ്രാമവികസനവകുപ്പ് നടത്തുന്ന സര്‍വേ ജൂലായ് 5 മുതല്‍ 20 വരെ തൃശൂര്‍ ജില്ലയില്‍ നടക്കും. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,40,482 കുടുംബങ്ങളില്‍ നടത്തുന്ന സര്‍വേയുടെ പരിശീലനം നല്‍കുന്നതിന് ബ്ലോക്ക് തല ശില്‍പശാലകള്‍ ജൂലായ് 1, 2 തീയതികളിലായി നടന്നിരുന്നു.

 

ഗ്രാമവികസനവകുപ്പിനൊപ്പം എക്കണോമിക്സ്-സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്, പഞ്ചായത്ത് വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവ സഹകരിച്ച് നടത്തുന്ന സര്‍വേയാണിത്. ജില്ലാ ദാരിദ്ര്യ

ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, അസി. നോഡല്‍ ഓഫീസര്‍, അസി. ഡവലപ്മെന്‍റ് കമ്മീഷണര്‍ ജനറല്‍ എന്നിവരാണ് സര്‍വേയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍. 2011ലെ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ വിവിധ പദ്ധതികള്‍, പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളില്‍ എന്ത് മാറ്റമുണ്ടാക്കി എന്നതാണ് പ്രധാനമായും പഠനവിധേയമാക്കുന്നത്. പഴയ സെന്‍സസിലെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ മാത്രം വിവരങ്ങളാണ് ശേഖരിക്കുക.

 

നിലവിലെ കോവിഡ് സാഹചര്യങ്ങളില്‍ വീടുകളില്‍ നേരിട്ടെത്തി സര്‍വേ നടത്തുന്നതിന് പകരം വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് - കുടുംബശ്രീ തൊഴിലാളികള്‍, ആശാവര്‍ക്കാര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെയാണ് വിവര ശേഖരണം. ജൂലായ് 5ന് സര്‍വേ ആരംഭിച്ച് 20ന് പൂര്‍ത്തിയാക്കി ജൂലായ് 31ന് മുമ്പായി 'ഈസ് ഓഫ് ലിവിങ്' കണക്കെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഗ്രാമവികസനവകുപ്പ് ലക്ഷ്യമിടുന്നത്.

date