Skip to main content

ഗുരുവായൂരില്‍ നിന്ന് പുസ്തക വണ്ടി യാത്ര തുടങ്ങി : ഇനി പുസ്തകം നിങ്ങള്‍ക്കരികിലേക്ക്  

 

 

കോവിഡ് കാലത്ത് വായനയ്ക്ക് വേണ്ടിയും അല്‍പസമയം ചെലവഴിക്കാം. വായിക്കാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്തിച്ചു തരും. അരികെ പദ്ധതിയിലൂടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗുരുവായൂര്‍ നഗരസഭയാണ് പുസ്തകങ്ങളും അരികിലേക്ക് എത്തിക്കുന്നത്. വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കരികിലേക്ക് ഗുരുവായൂര്‍ നഗരസഭ ലൈബ്രറിയുടെ പുസ്തക വണ്ടി യാത്ര തുടങ്ങി കഴിഞ്ഞു. 

 

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ലൈബ്രറിയില്‍ വന്ന് പുസ്തകം എടുക്കാന്‍ കഴിയാത്ത നഗരസഭ ലൈബ്രറി അംഗത്വമുള്ളവര്‍ക്കാണ് പുസ്തക വണ്ടിയില്‍ പുസ്തകങ്ങള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നത്. 9645141840 എന്ന നമ്പറില്‍ വിളിച്ചോ വാട്സാപ്പില്‍ സന്ദേശം അയച്ചോ നിങ്ങളാവശ്യപ്പെടുന്ന പുസ്തകങ്ങള്‍ വായനക്കാരുടെ വീടുകളില്‍ എത്തിക്കും. താല്‍പര്യമുള്ളവര്‍ക്ക് പുതിയ അംഗത്വമെടുത്ത് പദ്ധതിയില്‍ ചേരാം. തിങ്കള്‍ മുതല്‍ വ്യാഴം വരെ ആഴ്ചയില്‍ നാല് ദിവസമാണ് നിലവില്‍ പുസ്തക വണ്ടിയുടെ യാത്ര. പുസ്തകങ്ങള്‍ 10 ദിവസത്തിനകം തിരിച്ചു നല്‍കണം. അതിനായി പുസ്തക വണ്ടി വീണ്ടും വീട്ടിലെത്തും. 

 

വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മദിനമായ ജൂലൈ അഞ്ചിന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നഗരസഭാ ലൈബ്രറിയുടെ പുസ്തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ സായിനാഥനാണ് പുസ്തക വണ്ടിയുടെ ചുമതല. അരികെ പദ്ധതിയിലൂടെ ഡോക്ടര്‍മാരുടെ സേവനം, വയോജനങ്ങളുടെയും കുട്ടികളുടെയും മാനസികോല്ലാസത്തിന് എല്ലാ ദിവസവും വിനോദ പരിപാടികള്‍ തുടങ്ങി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി നിരവധി സേവനങ്ങള്‍ ഗുരുവായൂര്‍ നഗരസഭ നല്‍കി വരുന്നുണ്ട്.

date