Skip to main content

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ അടച്ചിട്ടില്ല

ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിട്ടില്ലെന്നും കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ വൈകുന്നതു കൊണ്ടാണ് ജൂലൈ ഒന്നു മുതൽ ബാച്ചുകൾ ആരംഭിക്കാൻ കഴിയാതിരുന്നതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ അറിയിച്ചു. കേന്ദ്രങ്ങൾ അടച്ചുവെന്ന തരത്തിലെ പ്രചാരണം തെറ്റാണ്. സംസ്ഥാനത്ത് ആകെയുള്ള 24 മെയിൻ സെന്ററുകളിലേയ്ക്കും 32 സബ്‌സെന്ററുകളിലേയ്ക്കുമായി 28000 ത്തിൽ അധികം അപേക്ഷകളാണ് ആകെ ലഭിച്ചത്. വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ്  ഇത്രയും അപേക്ഷകൾ ലഭിക്കുന്നത്. ജൂൺ 16 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒരു സെന്ററിൽ ഡിഗ്രി ലെവൽ, എസ്എസ്എൽസി ലെവൽ, ഹോളിഡേ ബാച്ച്  എന്ന രീതിയിൽ ശരാശരി 150 സീറ്റുകൾക്കായി രണ്ടായിരത്തിലധികം അപേക്ഷകൾ ആണ് ലഭിച്ചത്. പേരാമ്പ്ര സെന്ററിൽ മാത്രം ഒൻപതിനായിരത്തിലധികം അപേക്ഷകൾ ലഭിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി  ക്ലാസുകൾ ഉടൻ ആരംഭിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്  ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ് 2178/2021

date