Skip to main content

കാന്‍സര്‍ മുക്ത എറണാകുളം: ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടി രണ്ടാം ഘട്ടം-മാര്‍ഗരേഖ പുറത്തിറക്കി

 

എറണാകുളം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2021- 22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന സംയുക്ത പ്രോജക്ടായ ജില്ലാ കാന്‍സര്‍ നിയന്ത്രണ പരിപാടി രണ്ടാം ഘട്ടത്തിന്റെ മാര്‍ഗരേഖ ജില്ലാ ആസൂത്രണ സമിതി പുറത്തിറക്കി. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ ആരോഗ്യ സ്ഥാപനങ്ങളിലും കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. 

താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിനൊപ്പം ആവശ്യമായ പരിശോധനകള്‍ നടത്തുന്നതിനും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ എത്തിച്ച് ഫലം നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കും. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ആവശ്യമുള്ള പരിശീലന പരിപാടികളും ബോധവത്കരണ ക്ലാസുകളും നടത്തും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് 20 ലക്ഷം രൂപ വില വരുന്ന ബയോപ്സി പ്രോസര്‍ വാങ്ങി നല്‍കുമെന്നും ഉല്ലാസ് തോമസ് പറഞ്ഞു. 

2019 ഡിസംബറില്‍ ജില്ലയില്‍ ആരംഭിച്ച പദ്ധതി ജില്ലയിലെ മുഴുവന്‍ തദേശസ്വയം ഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും വാര്‍ഡുകള്‍ തോറും കാന്‍സര്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററില്‍ സാമ്പിളുകള്‍ എത്തിച്ച് റിസള്‍ട്ട് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും പദ്ധതി വഴിയൊരുക്കി.  

ജില്ലാ ആസൂത്രണ സമിതിയുടെ മേല്‍നോട്ടത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് എന്നീ വിവിധ തലത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്റര്‍ തുടങ്ങി വിവിധ വകുപ്പുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി ജില്ലയിലൊട്ടാകെ നടപ്പിലാക്കാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഭാവിയില്‍ ജില്ലയിലെ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ഒരു കേന്ദ്രീകൃത പരിശോധന കേന്ദ്രം സ്ഥാപിക്കുകയും പരിശോധനകള്‍ അവിടെ നടത്തുന്നതിനുമാണ് ശ്രമം. ഇതിനായി ജില്ലയിലെ മുഴുവന്‍ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉല്ലാസ് തോമസ് പറഞ്ഞു.

date