Skip to main content

ലോക ജന്തുജന്യരോഗ ദിനം ആചരിച്ചു   

ജൂലൈ 6 ലോക ജന്തുജന്യ രോഗദിനമായാണ് ആചരിക്കുന്നത്. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്കായി വെബിനാർ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ വെബിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് കാലത്ത് ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള  ബോധവത്ക്കരണ പ്രവർത്തനങ്ങൾ വളരെയധികം പ്രാധാന്യമർഹിക്കുന്നു എന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.   ലോകാരോഗ്യ സംഘടന കൺസൾറ്റൻറ് ഡോ. രാകേഷ് പി എസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ.ബേബി ജോസഫ്, നോൺ കോവിഡ് സർവെയ്‌ലൻസ് ഓഫീസർ ഡോ . വിനോദ് പൗലോസ് എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ടുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ജില്ലയിൽ സംഘടിപ്പിക്കുന്നുണ്ട്.

പകര്‍ച്ച വ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, ചെള്ള് പനി , കുരങ്ങ് പനി, നിപാ, പേ വിഷബാധ, ജപ്പാന്‍ ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നിവയാണ് കേരളത്തില്‍ സാധാരണയായി റിപ്പോര്‍ട്ട് ചെയ്യുന്ന ജന്തുജന്യ രോഗങ്ങള്‍. 

മനുഷ്യനും മൃഗങ്ങളും ജീവിത പരിസരങ്ങളിലും വനമേഖലയിലും പരസ്പരം ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും വൈറസ്, ബാക്ടീരിയ, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് എത്തുകയും രോഗങ്ങള്‍ ഉണ്ടാകുവാനും ഇടയാകുന്നു. മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലുള്ള ഇടപഴകലുകള്‍ പലപ്പോഴും ഒഴിവാക്കുവാന്‍ കഴിയില്ല. തൊഴില്‍, ഭക്ഷണം, മൃഗപരിപാലനം, വിദ്യാഭ്യാസം, വിനോദം, വനം വന്യജീവി സംരക്ഷണം ഇങ്ങനെ പല മേഖലകളിലായി മനുഷ്യര്‍ അറിഞ്ഞും അറിയാതെയും ജീവജാലങ്ങളുമായി നേരിട്ടും അല്ലാതെയും ഇടപഴകുന്നു. അതിനാല്‍ ജന്തുജന്യ രോഗങ്ങളെക്കുറിച്ചുള്ള അറിവുണ്ടായാല്‍ മാത്രമേ അവയെ പ്രതിരോധിക്കുവാന്‍ സാധിക്കുകയുള്ളൂ.

 ജന്തുജന്യ രോഗങ്ങൾക്കെതിരെയുള്ള  മുൻകരുതലുകൾ 

•    മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തുമൃഗങ്ങളുടെ പരിപാലനം ഇവയിലെല്ലാം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

•    മൃഗങ്ങളുമായി ഇടപെട്ട് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.

•    മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്.

•    5 വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.

•    മൃഗങ്ങളില്‍ നിന്ന് മുറിവോ പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യസഹായം തേടുകയും വേണം.

•വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പുകള്‍ കൃത്യമായി എടുക്കണം.

•    വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

date