Skip to main content

ഛർദ്ദിയും വയറിളക്കവും: വാർഡുതല ശുചീകരണവും  ബോധവത്ക്കരണവും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ

 

ആലപ്പുഴ: നഗരസഭാ പരിധിയിലെ ചില പ്രദേശങ്ങളിൽ ഛർദിയും വയറിളക്ക രോഗവും കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പകർച്ച വ്യാധികൾക്കെതിരെയുള്ള ബോധവത്ക്കരണവും ശക്തമാക്കുമെന്ന് ജില്ല കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. രോഗബാധ വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. വാർഡുതല സാനിറ്റൈസേഷൻ കമ്മിറ്റികൾ ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. അതത് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യം, ഭക്ഷ്യസുരക്ഷാ, ജല അതോറിറ്റി, നഗരസഭ എന്നീ വകുപ്പുകളിലെ ജീവനക്കാരുടെ സംയുക്ത സംഘം രോഗബാധ കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും. ഈ മേഖലകളിൽ നിന്നു കൂടുതൽ പരിശോധനകൾക്കായി കുടിവെള്ള സാമ്പിളുകൾ ശേഖരിക്കും. നിലവിൽ രോഗബാധ നിയന്ത്രണ വിധേയമാണെന്നും ആർ.ഒ. പ്ലാന്റുകളിൽ നിന്നു ലഭിക്കുന്ന കുടിവെള്ളം ഉൾപ്പടെ തിളപ്പിച്ചാറിച്ചു മാത്രമേ ഉപയോഗിക്കാവൂവെന്നും കളക്ടർ പറഞ്ഞു.

ആർ.ഒ. പ്ലാന്റുകളുടെ പ്രവർത്തനം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോയെന്ന് പരിശോധിക്കും. അല്ലെങ്കിൽ ആർ.ഒ. പ്ലാന്റുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പുകളുടെ പൊട്ടിയ ഭാഗം മുറിച്ചു മാറ്റി ക്ലോറിനേഷൻ ചെയ്യാൻ ജല അതോറിറ്റി നടപടി സ്വീകരിക്കും. നിലവിൽ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും തുടരും. നഗരസഭയുടെ നിയമപരമായ അനുമതിയില്ലാതെ ആർ.ഒ. പ്ലാന്റുകളുടെ പ്രവർത്തനം അനുവദിക്കില്ല. യോഗത്തിൽ നഗരസഭാധ്യക്ഷ സൗമ്യരാജ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ നഗരസഭ പ്രദേശത്ത് 24 മണിക്കൂറിനിടെ 47 പേർ ഛർദ്ദി, വയറിളക്ക രോഗലക്ഷണങ്ങളുമായി ചികിത്സതേടിയതായി ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ആർക്കും കിടത്തിച്ചികിത്സ വേണ്ടിവന്നില്ല. ചൊവ്വാഴ്ച ആരോഗ്യപ്രവർത്തകർ 4326 വീടുകൾ സന്ദർശിച്ച് ബ്‌ളീച്ചിംഗ് പൗഡർ വിതരണം ചെയ്യുകയും ബോധവത്കരണ പ്രവർത്തനം നടത്തുകയും ചെയ്തു. 
 

date