Skip to main content

കഞ്ഞിക്കുഴി ബ്ലോക്കിൽ ഹരിത സമൃദ്ധി, മാതൃക കൃഷിത്തോട്ടം: കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

 

ആലപ്പുഴ: ഓണക്കാലം മുന്നിൽ കണ്ട് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിത സമൃദ്ധി, മാതൃക കൃഷിത്തോട്ടം പദ്ധതികൾ വ്യാഴാഴ്ച (ജൂൺ 8) രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്തിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിന്റെ ജെൻഡർ ബജറ്റിൽ ഉൾപ്പെടുത്തി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൽ നിർമിച്ച സ്ത്രീ സൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും.

ഈ സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹരിത സമൃദ്ധി, മാതൃകാ കൃഷിത്തോട്ടം പദ്ധതികൾ നടപ്പാക്കുന്നത്. ഹരിത സമൃദ്ധി പദ്ധതിയിലേക്ക് ബ്ലോക്ക് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെയും ഓരോ വാർഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. തിരഞ്ഞെടുത്ത വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി തൈകൾ സൗജന്യമായി നൽകും. 75 ശതമാനം സബ്സിഡിയോടെ വളവും നൽകും. ആറു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

മാതൃകാ കൃഷിത്തോട്ടം പദ്ധതിയിലൂടെ ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ 300 കാർഷിക ഗ്രൂപ്പുകൾക്ക് സുഗന്ധ വിളകളുടെ തൈകൾ നൽകും. ഇഞ്ചി, മഞ്ഞൾ, കുരുമുളക് എന്നിവയാണ് നൽകുന്നത്. ഒരു വാർഡിൽ കുറഞ്ഞത് 300 കാർഷിക ഗ്രൂപ്പുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. തൈകൾ സൗജന്യമായി നൽകുന്നതിനു പുറമേ 70 ശതമാനം സബ്സിഡിയോടെ വളവും നൽകും.

സ്ത്രീകൾക്കുള്ള വിശ്രമ കേന്ദ്രവും ശുചിമുറിയും ഉൾപ്പെടുന്നതാണ് സ്ത്രീ സൗഹൃദ കേന്ദ്രം. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് സ്ത്രീകൾക്കും ദീർഘദൂരയാത്രക്കാർക്കും വിശ്രമിക്കാനും കേന്ദ്രം പ്രയോജനപ്പെടും. 15 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.സി. ഷീന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. എ. തോമസ് തുടങ്ങിയവർ പങ്കെടുക്കും.

date