Skip to main content

സംസ്ഥാനത്തെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി

* എല്ലാ കോളേജ് വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ
സംസ്ഥാനത്ത് ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 47.17 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 11.19 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ ചേർത്ത് ആകെ ഒന്നര കോടി പേർക്കാണ് (1,50,58,743 ഡോസ്) വാക്‌സിൻ നൽകിയത്. അതിൽ 1,13,20,527 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളാണ് പുരുഷൻമാരെക്കാർ കൂടുതൽ വാക്‌സിനെടുത്തത്. 51.94 ശതമാനം (78,20,413) സ്ത്രീകളും 48.05 ശതമാനം (72,35,924) പുരുഷൻമാരുമാണ് വാക്‌സിൻ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും, 45നും 60 വയസിനും ഇടയിലുള്ള 52,13,832 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിൻ സ്വീകരിച്ചത്.
18 വയസിനും 23 വയസിനും ഇടയിലുള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാർത്ഥികൾ, സ്വകാര്യ ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ, മാനസിക വെല്ലുവിളിയുള്ളവർ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി.
ജനുവരി 16 നാണ് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുൻഗണനാക്രമം അനുസരിച്ചാണ് വാക്‌സിൻ നൽകി വരുന്നത്. ഇപ്പോൾ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി വരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.
തിരുവനന്തപുരത്ത് ചൊവ്വാഴ്ച 23,770 ഡോസ് കോവാക്‌സിൻ കൂടി എത്തി. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിൻ ബുധനാഴ്ച വരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പ്രതിദിനം ഒന്നു മുതൽ രണ്ടര ലക്ഷത്തിന് മുകളിൽ വരെ വാക്‌സിനേഷൻ നൽകുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്സ് 2192/2021

date