Skip to main content

നിയമസഭാ സമ്മേളനം നാളെ (നാല്) മുതല്‍

    പതിനാലാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നാളെ (ജൂണ്‍ നാലിന്) ആരംഭിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
    ആദ്യത്തെ രണ്ടു ദിവസം ആറു ബില്ലുകള്‍ നിയമസഭയുടെ പരിഗണനയ്ക്കുവരും. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്‍, കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്‍, കേരള മുനിസിപ്പാലിറ്റി രണ്ടാം (ഭേദഗതി) ബില്‍ എന്നിവ നാലിനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (ഭേദഗതി) ബില്‍, കേരള സര്‍വകലാശാലാ (ഭേദഗതി) ബില്‍,
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താത്കാലിക ബദല്‍ ക്രമീകരണം) ബില്‍ എന്നിവ അഞ്ചിനും സഭ ചര്‍ച്ച ചെയ്യും.
    ഓര്‍ഡിനന്‍സുകളെല്ലാം നിയമമാക്കുന്നത് പരിഗണിക്കുന്നതിനുപുറമേ പ്രസിദ്ധീകരിച്ചതും അവതരിപ്പിക്കാത്തതുമായ 17 ബില്ലുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രസിദ്ധീകരിക്കാന്‍ ബാക്കി 19 ബില്ലുകളുണ്ട്.
    2018-19 ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും 13 നു നടക്കും. നിയമനിര്‍മാണത്തിനായി മാറ്റിവച്ച മറ്റ് ദിവസങ്ങളില്‍ കാര്യോപദേശ സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും. നിലവിലെ കലണ്ടര്‍ പ്രകാരം  ജൂണ്‍ 14, 15 തിയതികളില്‍ സഭാ സമ്മേളനം ഉണ്ടായിരിക്കില്ല. ജൂണ്‍ 21ന് പതിനൊന്നാം സമ്മേളനം അവസാനിക്കും.
    കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് രാജ്യചരിത്രത്തില്‍ത്തന്നെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കേരള നിയമസഭ കാഴ്ചവച്ചിട്ടുള്ളതെന്ന് സ്പീക്കര്‍ പറഞ്ഞു. 125 ദിവസമാണ് ആകെ സഭ സമ്മേളിച്ചത്. രാജ്യത്തിന്റെ ദേശീയ ശരാശരി 30-40 ദിവസങ്ങളാണ് എന്ന സാഹചര്യത്തിലാണ് കേരള നിയമസഭ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രഖ്യാപിത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഈ സമ്മേളനം നിര്‍ണായക പങ്കു വഹിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
 പി.എന്‍.എക്‌സ്.2157/18

date