Skip to main content

ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ പ്രതിരോധം ഊര്‍ജിതം- ജില്ലാ കലക്ടര്‍

ജില്ലയില്‍ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ പരിശോധനകളും നിരീക്ഷണങ്ങളും ഉള്‍പ്പടെയുള്ള പ്രതിരോധം ഊര്‍ജിതമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധവും ദുരന്ത നിവാരണ അതോറിറ്റി പ്രവര്‍ത്തനങ്ങളും വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ടി.പി.ആര്‍. നിരക്ക് അഞ്ച് വരെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും 10 വരെയുള്ള മേഖലകളെ ബി യിലും 15 വരെയുള്ള പ്രദേശങ്ങളെ സി യിലും 15 നു മുകളില്‍ ഉള്ളവയെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എ, ബി വിഭാഗങ്ങളില്‍പ്പെടുന്ന പ്രദേശങ്ങളില്‍ 100 ശതമാനവും സി വിഭാഗത്തില്‍പ്പെടുന്ന മേഖലകളില്‍ 50 ശതമാനവും സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകണം. റെയില്‍വേസ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളും വര്‍ധിപ്പിക്കും. അന്യസംസ്ഥാനത്തു നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്‌സിനേഷന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ ഇല്ലാതെ എത്തുന്നവരെ ഡി.സി.സികളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും,കലക്ടര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തിലും പ്രാദേശിക തലത്തിലും വികസന സമിതികള്‍ രൂപീകരിക്കും. സൗജന്യ മൊബൈല്‍ ഡേറ്റ നല്‍കുന്നത് സംബന്ധിച്ചും നെറ്റ്വര്‍ക്ക് കവറേജ് ലഭ്യമാക്കുന്നത് സംബന്ധിച്ചും നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കി. കാലവര്‍ഷാരംഭവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ എന്‍.ഡി.ആര്‍.എഫ്. സംഘം സിവില്‍ ഡിഫന്‍സ്, എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം, സ്റ്റുഡന്റ് റാപിഡ് ഫോഴ്‌സ് അംഗങ്ങള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ച് ഏകദിന പരിശീലനം നല്‍കും. ജില്ലയിലെ 11 ഫയര്‍ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആയിരത്തോളം വോളണ്ടിയര്‍മാര്‍ക്കാണ് ദുരന്ത നിവാരണ-രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്നത്. അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ഡി.എം.ഒ ഡോ. ആര്‍. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1660/2021)
 

date