Skip to main content

കൊറോണ കോർ കമ്മിറ്റി യോഗം കോവിഡ്: വാർഡ് തല ജാഗ്രതാ സമിതികൾ ശക്തമാക്കണം

ജില്ലയിലെ വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാ കൊറോണ കോർ കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. പല പഞ്ചായത്തുകളിലും വാർഡ് തല സമിതികൾ സജീവമല്ല. ജില്ലയിൽ ഭൂരിഭാഗം പഞ്ചായത്തുകളും രോഗ സ്ഥിരീകരണ നിരക്ക് കൂടുന്നത് ഗൗരവത്തോടെ കാണണം. വീട്ടിൽ ഒരാൾ രോഗബാധിതനായാൽ അദ്ദേഹം മുറിയിലും മറ്റുള്ളവർ വീട്ടിലും കർശനമായി ക്വാറന്റീനിൽ കഴിയണം. ഇവർ പുറത്തിറങ്ങുന്നില്ല എന്ന് ജാഗ്രതാ സമിതികൾ ഉറപ്പ് വരുത്തണമെന്നും രോഗികളുടെ ക്വാറന്റീൻ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കണമെന്നും കളക്ടർ പറഞ്ഞു.
പട്ടിക ജാതി-പട്ടിക വർഗ മേഖലകളിൽ കൂടുതൽ ഇടപെടൽ വേണം. ഇവിടങ്ങളിൽ താമസിക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ തുളു, കന്നഡ ഭാഷകളിൽ കൂടി ബോധവത്കരണം ശക്തപ്പെടുത്തണം. വീഡിയോ, ഓഡിയോ പ്രചാരണങ്ങൾ ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇവിടങ്ങളിൽ മാഷ് പദ്ധതി അധ്യാപകരുടെ ഇടപെടൽ ഊർജിതമാക്കുന്നതിനായി അധ്യാപകരുടെ പ്രത്യേക യോഗം വിളിക്കാൻ വിദ്യാഭ്യാസ ഉപഡയരക്ടർ കെ.വി. പുഷ്പയെ ചുമതലപ്പെടുത്തി. കാറ്റഗറി ഡി യിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഇൻസിഡന്റ് കമാന്റർമാരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു.
ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ ഊർജിതമായിട്ടുണ്ട്. 45 വയസ്സിന് മുകളിലുള്ള മുൻഗണനാ വിഭാഗത്തിൽ വാക്‌സിനേഷൻ വേഗത്തിൽ നടക്കുന്നുണ്ട്. വാക്‌സിൻ കൂടുതൽ ലഭ്യമാകുന്നതിനനുസരിച്ച് പട്ടികജാതി, പട്ടിക വർഗ മേഖലകളിലുൾപ്പെടെ വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തും. രോഗബാധിതരുടെതുൾപ്പെടെ ക്വാറന്റീൻ നിരീക്ഷണത്തിന് പോലീസിന്റെ പ്രത്യേക സ്‌ക്വാഡ് ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് പറഞ്ഞു. 56 ബൈക്ക് പട്രോളിങ് ടീം മുഴുവൻ സമയവുമുണ്ടാകും. ഇവർ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് ജാഗ്രതാ സമിതി എന്നിവരുമായി കൂടിയാലോചിച്ച് പ്രവർത്തിക്കും. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ബൈക്ക് പട്രോളിങിൽ 60 ശതമാനവും കാറ്റഗറി ഡി വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങളിൽ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിത്തിനങ്ങൾ കൃഷിഭവൻ മുഖേന വിതരണം ചെയ്യുന്നതിന് പകരം നിശ്ചിത കേന്ദ്രങ്ങളിൽ വെച്ച് വിതരണം ചെയ്യണം. ഇതിനായി പ്രിൻസിപ്പൽ കൃഷി ഓഫീസറെ ചുമതലപ്പെടുത്തി.
എ.ഡി.എം എ.കെ. രമേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ആർ. രാജൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ.വി. രാംദാസ്, മറ്റു കോർ കമ്മിറ്റി ്ംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date