Skip to main content

ജന്തുജന്യ രോഗങ്ങള്‍ക്കെതിരേ  കരുതല്‍ വേണം: ഡിഎംഒ

കോവിഡ് മഹാമാരിക്കാലത്ത് ജന്തുജന്യ രോഗങ്ങള്‍ക്കെതിരേ കരുതല്‍ വേണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ജീവജാലങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മറ്റു മനുഷ്യരിലേക്കും പകരുന്ന രോഗങ്ങളാണ് ജന്തുജന്യ രോഗങ്ങള്‍. പകര്‍ച്ചവ്യാധികളില്‍ മൂന്നില്‍ രണ്ടു ഭാഗവും ജന്തുജന്യ രോഗങ്ങളാണ്. എലിപ്പനി, സ്‌ക്രബ് ടൈഫസ്, കുരങ്ങുപനി, നിപ, പേ വിഷബാധ, ജപ്പാന്‍ജ്വരം, വെസ്റ്റ്-നൈല്‍ഫീവര്‍ എന്നിവയാണ് സാധാരണയായി കാണുന്ന ജന്തുജന്യ രോഗങ്ങള്‍. മനുഷ്യരും ജീവികളുമായി ഇടപഴകുമ്പോള്‍ ജീവികളില്‍ നിന്നും ബാക്ടീരിയ, വൈറസ്, പരാദങ്ങള്‍ തുടങ്ങിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് എത്തുന്നതാണ് ജന്തുജന്യ രോഗങ്ങള്‍ക്കുള്ള കാരണം.

സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

മൃഗങ്ങളുമായി നേരിട്ടും അല്ലാതെയുമുള്ള സമ്പര്‍ക്കം, അവയുടെ ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കം, മൃഗങ്ങളുടെ വാസസ്ഥലം, തൊഴുത്ത്, ഫാമുകള്‍ എന്നിവിടങ്ങളിലുള്ള ഇടപെടലുകള്‍, വളര്‍ത്തു മൃഗങ്ങളുടെ പരിപാലനം, ഇവയിലെല്ലാം മുന്‍കരുതലുകള്‍ സ്വീകരിക്കണം. മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. മുഖത്തോട് ചേര്‍ത്ത് മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ, ചുണ്ടിലോ നക്കാന്‍ അവയെ അനുവദിക്കരുത്. അഞ്ചു വയസില്‍ താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മൃഗങ്ങളോട് അടുത്ത് പെരുമാറുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണം.

മൃഗങ്ങളില്‍ നിന്ന് മുറിവോ, പോറലുകളോ ഉണ്ടായാല്‍ ഉടന്‍ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും വൈദ്യ സഹായം തേടുകയും വേണം. വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യമായി എടുക്കണം. വനമേഖലയില്‍ തൊഴിലിനും വിനോദത്തിനുമായി പോകുമ്പോള്‍ ആവശ്യമായ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.ജന്തുജന്യ രോഗങ്ങളുടെ ഭാഗമായി ജില്ലയില്‍ ഈവര്‍ഷം 30 സ്ഥിരീകരിച്ച എലിപ്പനി കേസുകളും 30 സംശയാസ്പദമായ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ ഈ വര്‍ഷം ഇതുവരെ 5326 പേര്‍ പട്ടിയുടെ കടിയേറ്റ് ചികിത്സ തേടിയിട്ടുമുണ്ട്. ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള 58 ആരോഗ്യ സ്ഥാപനങ്ങളില്‍ പേ വിഷബാധയ്ക്കെതിരേയുള്ള വാക്സിന്‍(ഐഡിആര്‍വി) സൗജന്യമായി ലഭ്യമാണ്. കൂടാതെ ഗുരുതരമായി പട്ടികടിയേറ്റാല്‍ നല്‍കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്‍ ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യകേന്ദ്രം പമ്പ, കോന്നി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പാമ്പ് വിഷബാധയ്ക്കെതിരേയുള്ള ആന്റിവെനം, പത്തനംതിട്ട, അടൂര്‍ ജനറല്‍ ആശുപത്രികള്‍, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല, മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രം നിലയ്ക്കല്‍, പമ്പ, കോന്നി മെഡിക്കല്‍ കോളജ്, സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date