Skip to main content

ജില്ലയില്‍ അക്ഷരപാത്രം പദ്ധതിക്ക് ജൂലൈ 9 തുടക്കം

കോവിഡ് പ്രതിസന്ധിമൂലം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ട ജില്ലയിലെ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം 'അക്ഷരപാത്രം' സ്മാര്‍ട്ട്‌ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 9 വെള്ളി) രാവിലെ 11 ന് കളക്ടറേറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചടങ്ങില്‍ മുഖ്യാതിഥിയാകും. അസിസ്റ്റന്റ് കളക്ടര്‍ സന്ദിപ് കുമാര്‍ പദ്ധതി വിശദീകരണം നടത്തും.  ഗ്രാമപഞ്ചായത്തുകള്‍, രക്ഷകര്‍ത്തൃ അസോസിയേഷനുകള്‍, ജില്ലാ ആസൂത്രണസമിതി എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിന്റെ അപര്യാപ്തതമൂലം ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് പോലും പഠനാവസരം നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്മാര്‍ട്ട് ഫോണ്‍ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ സ്‌കൂള്‍ തിരിച്ചുള്ള രണ്ടാം ഘട്ട സര്‍വേ പുരോഗമിക്കുകയാണ്. ഈ മാസം 15ന് മുന്‍പ് സര്‍വേ പൂര്‍ത്തീകരിക്കും. ആദിവാസി മേഖലയിലും വിദൂര പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കും. നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അക്ഷരപാത്രം പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പദ്ധതിക്കു വേണ്ടി ജില്ലാ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ പ്രത്യേകമായി തയ്യാറാക്കിയ 'നമ്മുടെ കേരളം' ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതില്‍ രജിസ്റ്റര്‍ ചെയ്ത് ഫോണ്‍ സംഭാവന ചെയ്യാവുന്നതാണ്. ഇതിനു പുറമെ, ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിക്കുകയോ, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായോ ജില്ലാ കളക്ടറേറ്റിലെ വോളണ്ടിയര്‍മാരുമായോ ബന്ധപ്പെടാം. പദ്ധതിയിലൂടെ ലഭ്യമാകുന്ന സ്മാര്‍ട്ട് ഫോണുകള്‍  ജില്ലയിലെ അര്‍ഹരായ  കുട്ടികളില്‍ എത്തിക്കും.  ബന്ധപ്പെടേണ്ട നമ്പര്‍: 9446114723

date