Skip to main content

വാതില്‍പ്പടി വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കി കരുവാറ്റ പഞ്ചായത്ത്

 

ആലപ്പുഴ: വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത കിടപ്പുരോഗികള്‍ക്കായി വാതില്‍പ്പടി വാക്‌സിനേഷന്‍ പദ്ധതി നടപ്പാക്കി കരുവാറ്റ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 60 കിടപ്പുരോഗികള്‍ക്കാണ് വാതില്‍പ്പടി വാക്‌സിനേഷന്‍ ലഭ്യമാക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും സമ്മതപത്രം എഴുതി വാങ്ങിയതിനു ശേഷമാണ് ഇവര്‍ക്കുള്ള വാക്‌സിന്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കിയത്.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നുള്ള മൊബൈല്‍ വാക്‌സിനേഷന്‍ സംഘമാണ് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ എത്തി കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. ഇതോടൊപ്പം കരുവാറ്റ പഞ്ചായത്തിലെ ദ്വീപ് പ്രദേശമായ കാരമുട്ടില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും അവരുടെ വീടുകളിലെത്തി മൊബൈല്‍ സംഘം വാക്‌സിന്‍ നല്‍കി. ഏതെങ്കിലും കാരണവശാല്‍ വാക്‌സിനേഷനായി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പഞ്ചായത്തില്‍ വിവരം അറിയിക്കുന്നതനുസരിച്ചു വാക്‌സിന്‍ വീടുകളിലേക്ക് എത്തിക്കാനുള്ള സംവിധാനം വരും ദിവസങ്ങളിലും ഉണ്ടാവുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു.

date