Skip to main content

സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും: മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി  നവകേരള മിഷനെ മാറ്റും. നാല് മിഷനുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നവകേരള കർമ്മപദ്ധതി സെൽ രൂപീകരിക്കും. നവകേരള മിഷനുകളുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുടെ ഏകോപനം ഫലപ്രദമായി നടത്താനുള്ള ചുമതല നവകേരള കർമ്മപദ്ധതി സെല്ലിനായിരിക്കും. സാങ്കേതിക രംഗത്ത് വൈദഗ്ധ്യമുള്ളവർ ഉൾപ്പെടെ സെല്ലിന്റെ ഭാഗമാകും. മോണിറ്ററിംഗ്, പരിശീലനം, ക്യാമ്പയിൻ എന്നീ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ സെൽ ഏകോപിപ്പിക്കും. പദ്ധതി ആവിഷ്‌ക്കരണം, നടപ്പാക്കൽ, മോണിറ്ററിംഗ് എന്നീ കാര്യങ്ങളിൽ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തും. വലിയ ജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ അതത് വകുപ്പുകൾ വഴി ആവിഷ്‌കരിക്കും. ത്രിതല പഞ്ചായത്ത് തലത്തിൽ മിഷൻ പ്രവർത്തനം ശക്തിപ്പെടുത്തും.
കഴിഞ്ഞ കാലങ്ങളിൽ തുടങ്ങിവച്ച് പൂർത്തികരിക്കാൻ ബാക്കിയുള്ളവ സമയബന്ധിതമായി പൂർത്തീകരിക്കും. കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകളിൽ വെക്കേഷൻ ഉൾപ്പെടെ പഠനത്തിനുവേണ്ടി ഉപയോഗപ്പെടുത്തി 200 അധ്യയന ദിവസം ഉറപ്പാക്കുന്നതിന്റെ  സാധ്യതകൾ പരിശോധിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വ്യാപിപ്പിക്കും. ഡിജിറ്റൽ ക്യാമ്പയിൻ ഏറ്റെടുക്കും. പകർച്ചവ്യാധികൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് ജനകീയ പ്രചരണത്തിന് പ്രാധാന്യം നൽകും. ഇതിന്റെ ഭാഗമായി ബോധവൽക്കരണവും നടത്തും. അഞ്ച് വർഷത്തിനകം അഞ്ച് ലക്ഷം വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിക്കും. ഉന്നതവിദ്യാഭ്യാസമേഖല ശക്തിപ്പെടുത്താൻ പ്രത്യേക കർമ്മപദ്ധതി സർക്കാർ ആവിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാർ, ചീഫ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 2242/2021
 

date