Skip to main content

കോവിഡ്-നീലേശ്വരത്ത് പരിശോധനാ ക്യാമ്പുകള്‍ നടത്തും

ടി.പി.ആര്‍ നിരക്ക് കുറച്ചു കൊണ്ടു വരുന്നതിന് പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍ക്കായി കോവിഡ് പരിശോധനാ ക്യാമ്പുകള്‍ നടത്താന്‍ നീലേശ്വരം നഗരസഭാ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. രോഗ സ്ഥിരീകരണ നിരക്ക് 10 ന് മുകളിലായതിനാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.  നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങളിലെ വ്യാപാരികള്‍, കടയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികള്‍, നഗരത്തിലെ ഓട്ടോ, ടാക്സി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരിശോധനാ ക്യാമ്പുകള്‍ നടത്തുന്നത്. ഇവര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ  നിര്‍ബ്ബന്ധമാക്കിക്കൊണ്ട് പോലീസ് വിഭാഗവും പരിശോധ കര്‍ശനമാക്കുമെന്ന് നീലേശ്വരം പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വി.മോഹനന്‍ അറിയിച്ചു.
നഗരസഭാ പ്രദേശത്തെ ആവശ്യവസ്തുക്കള്‍ മാത്രം വില്ക്കുന്ന കടകള്‍ വൈകുന്നേരം ഏഴ് മണി വരെ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. തുണിക്കടകള്‍, ചെരുപ്പ് കടകള്‍, ബുക്ക് സ്റ്റാളുകള്‍, വെള്ളിയാഴ്ചകളില്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. പച്ചക്കറി കട, സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ 25% ജീവനക്കാരെ വെച്ച് അനുവദനീയമായ ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാര്‍സല്‍ മാത്രം. ഹോം ഡെലിവറിയും അനുവദിക്കുമെന്നും തട്ടുകടകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ലെന്നും നഗരസഭാ ചെയര്‍ പേഴ്സണ്‍ ടി.വി.ശാന്ത പറഞ്ഞു.
നീലേശ്വരം താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ സി.എഫ്.എല്‍.ടി.സി പ്രവര്‍ത്തനം പുനരാരംഭിക്കും. പാലാത്തടം യൂണിവേഴ്സിറ്റി കാമ്പസില്‍ ഹോസ്റ്റല്‍ കെട്ടിടം പരീക്ഷാ സംബന്ധമായി കുട്ടികള്‍ക്ക് താമസത്തിന് വിട്ടു കൊടുക്കേണ്ടതിനാലാണ് സി.എഫ്.എല്‍.ടി.സി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നത്. വാക്സിനേഷന് നിലവിലുള്ള സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാനും കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി. മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ടി.പി.ലത, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, സെക്ടറല്‍ മജിസ്ട്രേട്ട് പി.ഇസ്മയില്‍, കെ.സുജിത്ത്, നഗരസഭ സെക്രട്ടറി സി.കെ.ശിവജി, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.മോഹനന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

date