Skip to main content

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കരുതലായി ഹെൽപ് ഡെസ്ക്

 

സമൂഹത്തിൽ നിരവധി വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ട് പോകുന്ന വിഭാഗമാണ് ഭിന്നശേഷി കുട്ടികൾ. കോവിഡ് രണ്ടാം തരംഗത്തിലും ഒറ്റപ്പെടുത്താതെ ഇവരെ കൈകോർത്ത്‌ പിടിച്ചിരിക്കുകയാണ് ഒല്ലൂക്കര ബ്ലോക്ക് റിസോഴ്സ് സെൻ്റർ. 
ലോക്ഡൗൺ കാലയളവിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനവും കരുതലും ഉറപ്പുവരുത്തുവാനായി ഹെൽപ് ഡെസ്ക് രൂപീകരിച്ചു ഒല്ലൂക്കര ബിആർസി. സമഗ്ര ശിക്ഷ കേരള, സാമൂഹ്യനീതി വകുപ്പ്, ഒല്ലൂക്കര ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ സംയുക്തമായാണ് ഹെൽപ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. ഒല്ലൂക്കര ബ്ലോക്കിലെ നടത്തറ, പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ ഗ്രാമ പഞ്ചായത്തുകളിലാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക.

പ്രത്യേക പരിഗണന്ന അർഹിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ആവശ്യമായ സഹായം ഹെൽപ് ഡെസ്കിൽ നിന്ന് ലഭ്യമാകും. അക്കാദമിക പിൻതുണ, മെഡിക്കൽ ക്യാമ്പ്, ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ, അലവൻസ്, മരുന്നുകൾ എന്നിവ ഇവർക്ക് എത്തിച്ച് നൽകുകയാണ് ഹെൽപ് ഡെസ്കിൻ്റെ ലക്ഷ്യം.

ഒല്ലൂക്കര ബ്ലേക്ക് റിസോഴ്സ് സെന്ററിന്റെ കീഴിൽ 10 സ്പെഷ്യൽ അധ്യാപകരാണ് ഉള്ളത്. ഭിന്നശേഷി കുട്ടികൾക്ക് വീട്ടിൽ ഒരു വിദ്യാലയം ഒരുക്കുകയാണ് ഒല്ലൂക്കര ബ്ലോക്ക് ബിആർസി ടീം.
കോവിഡ്‌-19 മൂലം സംസ്ഥാനത്തെ ഡിസബിലിറ്റി ക്ലിനിക്കുകൾ അടക്കമുള്ള ചികിത്സാ സംവിധാനങ്ങൾ നിർത്തിവെക്കേണ്ടി വന്നപ്പോൾ ആശങ്കയിലായ ഒട്ടേറെ രക്ഷിതാക്കൾക്ക് കൈത്താങ്ങാവുകയാണ് ഈ പദ്ധതി.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്ക് തെറാപ്പി പരിശീലന പ്രവർത്തനങ്ങൾ വീട്ടിൽ തന്നെ നൽകുന്നതിനാവശ്യമായ 
അടിസ്ഥാനപരമായ വിവിധ പരിശീലന മാർഗരേഖകളും 
കൂടാതെ ഹോം പ്രോഗ്രാമിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കായി പരിശീലന വീഡിയോകളും ഈ ഘട്ടത്തിൽ നൽകിവരുന്നു. 
ഒല്ലൂക്കര ബ്ലോക്കിൽ നടത്തറ, പാണഞ്ചേരി ഗ്രാമപഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. നടത്തറ ഗ്രാമപഞ്ചായത്തിൽ 90 ഭിന്നശേഷി കുട്ടികളാണുള്ളത്.

date