Skip to main content

നിയന്ത്രണങ്ങള്‍ ശക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍

ഡി കാറ്റഗറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന കരീപ്ര ഗ്രാമപഞ്ചായത്തില്‍ പോലീസ്-സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തുന്ന കോവിഡ് പ്രതിരോധം ശക്തമാണ്. കുഴിമതിക്കാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.സിയില്‍ 24 പേര്‍ ചികിത്സയിലുണ്ട്. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്. കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്കായി കോവിഡ് ടെസ്റ്റ് ക്യാമ്പയിന്‍ പുരോഗമിക്കുന്നു. വീടുകള്‍, കോളനികള്‍, പൊതു ഇടങ്ങള്‍ എന്നിവ കേന്ദ്രികരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിയതായി പ്രസിഡന്റ് പി.എസ്.പ്രശോഭ പറഞ്ഞു.
അഞ്ചല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ 36 രോഗികളുണ്ട്. മൂന്ന് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഏഴു വോളണ്ടിയര്‍മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാണ്. വാര്‍ഡുതല ജാഗ്രതാ സമിതികള്‍, പഞ്ചായത്ത്തല ഹെല്‍പ്പ് ഡെസ്‌ക്, വാര്‍ റൂം എന്നിവയും 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. ജനകീയ ഹോട്ടല്‍ മുഖേന രോഗികള്‍ക്ക് ഭക്ഷണം, വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ആയുര്‍വേദ-അലോപ്പതി-ഹോമിയോ പ്രതിരോധമരുന്നുകളുടെ വിതരണം എന്നിവ നടത്തുന്നുണ്ട്.
പോരുവഴി ഗ്രാമപഞ്ചായത്തില്‍ 30 കിടക്കകളുള്ള ഡി.സി.സി പ്രവര്‍ത്തിക്കുന്ന കൊച്ചേരി മുക്കിലെ പ്രീ-മെട്രിക് ഹോസ്റ്റലില്‍ അഞ്ചു രോഗികളുണ്ട്. നാലു വാര്‍ഡുകള്‍ വീതം ഉള്‍പ്പെടുത്തി സ്‌കൂളുകള്‍,  സാംസ്‌കാരിക നിലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. ഹോമിയോ, ആയുര്‍വേദ പ്രതിരോധമരുന്നുകള്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്തു. മുഴുവന്‍ സമയ കോവിഡ് സഹായകേന്ദ്രവും  വാഹന സൗകര്യവും സജ്ജമാണ്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലില്‍ നിന്നും ആവശ്യപ്പെടുന്നവര്‍ക്ക് ഭക്ഷണവും എത്തിച്ചു നല്‍കുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഫണ്ടില്‍ നിന്നും  ആംബുലന്‍സിന്  വേണ്ടി തുക  അനുവദിച്ചതായി  പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗികളുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും  വീടുകളില്‍ അണുനശീകരണം നടന്നുന്നുണ്ട്. വീടുകളില്‍ കഴിയുന്ന രോഗബാധിതര്‍ക്കും മറ്റു രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമുള്ളവര്‍ക്കും ടെലിമെഡിസിന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സി കാറ്റഗറി നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പുനലൂര്‍ നഗരസഭയിലെ ചെറുകിട, വന്‍കിട കച്ചവട തൊഴിലാളികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് വ്യത്യസ്ത ഇടങ്ങളില്‍ കോവിഡ് പരിശോധന നടത്തും. വാര്‍ഡുകള്‍ തോറും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി  പ്രചരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കും. ജാഗ്രതാസമിതികളുടെ മേല്‍നോട്ടത്തില്‍ രോഗബാധിതരാകുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ചെയര്‍ പേഴ്‌സണ്‍ നിമ്മി എബ്രഹാം പറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.1716/2021)

date