Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 08-07-2021

കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെ  കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയുടെ ഭാഗമായുള്ള  കാര്‍ഷിക യന്ത്രങ്ങളുടെ വിതരണോദ്ഘാടനം രാമചന്ദ്രന്‍ കടപ്പള്ളി എംഎല്‍എ നിര്‍വഹിച്ചു. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 30 പാടശേഖര സമിതികള്‍ക്കായി 13 പവര്‍ ടില്ലറുകള്‍, 10 മെതിയന്ത്രങ്ങള്‍,  10 നാപ്സാക്ക് സ്പ്രേയറുകള്‍, ഒമ്പത്  റോക്കര്‍ സ്പ്രേയറുകള്‍, 10 പവര്‍ സ്പ്രേയറുകള്‍, രണ്ട് ഞാറ് നടീല്‍ യന്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്തത്.  32 ലക്ഷം രൂപ ചെലവ് വരുന്ന  പദ്ധതിയില്‍ 10 ശതമാനം ചെലവ് വഹിച്ചത് പാടശേഖര സമിതികളാണ്.

മേലെ ചൊവ്വ കൃഷി അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.  വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ യു പി ശോഭ, ടി സരള, ജില്ലാപഞ്ചായത്തംഗം തോമസ് വക്കത്താനം, കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍  സുധീര്‍ നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍,  കൃഷി അസി. എഞ്ചിനീയര്‍ ഇ എന്‍ സുഹാസ് തുടങ്ങിയവര്‍ സംസാരിച്ചു.

താല്‍പര്യപത്രം ക്ഷണിച്ചു

മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ ഉപയോഗിച്ച് സ്‌കാനിംഗ് നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിന് യോഗ്യതയുള്ള ഡോക്ടര്‍മാരില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15 വൈകിട്ട് നാല് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2784650, 8943341414

 

തപാല്‍ ഓഫീസുകളില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ തുടങ്ങി

തപാല്‍ ഓഫീസുകളില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാതെ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കോമണ്‍ സര്‍വ്വീസ് സെന്ററുകളുടെ ലക്ഷ്യം.  കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, പാചക വാതക സിലിണ്ടര്‍ ബുക്കിംഗ്, പാസ്‌പോര്‍ട്ട് പുതുക്കല്‍, ഫാസ്ടാഗ്, വൈദ്യുതി ബില്‍, വെള്ളക്കരം, ടെലിഫോണ്‍ ബില്‍ തുടങ്ങി 73 ഓളം സേവനങ്ങള്‍ സെന്ററിലൂടെ ലഭിക്കും. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ മുഴുവന്‍ ഡിപാര്‍ട്‌മെന്റ് പോസ്റ്റ് ഓഫീസുകളിലും തെരഞ്ഞെടുത്ത ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്ലസ് ടു, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍ സി വി ടി/ എസ് സി വി ടി സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റിംഗില്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 20 നും 30 നും മധ്യേ പ്രായമുള്ളവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ജൂലൈ 15നകം kannurdio@gmail.com എന്ന മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: 04972 700231.

സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനെ/ മകളെ സംരക്ഷിക്കുന്ന മാതാവിന് സ്വയം  തൊഴില്‍ ആരംഭിക്കുന്നതിനായി 35000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി പദ്ധതി വഴി ലഭിക്കുക.

അപേക്ഷക ബിപിഎല്‍ കുടുംബാംഗം ആയിരിക്കണം. 70 ശതമാനമോ അതിലധികമോ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ സംരക്ഷിക്കുന്ന വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്ത സ്ത്രീകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാം. അപേക്ഷയോടൊപ്പം  ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്വയംതൊഴില്‍ സംബന്ധിച്ച വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തണം. അപേക്ഷകള്‍ ആഗസ്ത് 31ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2712255.

ഓണ്‍ലൈന്‍ മത്സരങ്ങളുമായി ശുചിത്വമിഷന്‍

ഹരിതകര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹയര്‍ സെക്കണ്ടറി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'വേണം - ഹരിത കര്‍മ്മ സേന'എന്ന വിഷയത്തില്‍ പ്രസംഗ- പ്രബന്ധ മത്സരവും (മലയാളം, ഇംഗ്ലീഷ്), 'എന്റെ ഗ്രാമം - ശുചിത്വ ഗ്രാമം' എന്ന മുദ്രാവാക്യവുമായി എല്‍പി/യുപി വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരവുമാണ് നടത്തുന്നത്. താല്‍പര്യമുള്ളവര്‍ പേര്, സ്‌കൂളിന്റെ പേര്, പങ്കെടുക്കുന്ന ഇനം എന്നീ വിവരങ്ങള്‍ 9142777754 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ജൂലൈ 23 ന് വൈകിട്ട് അഞ്ച് മണിക്കകം അയക്കണം. രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ഥികള്‍ക്ക് വിശദവിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി നല്‍കും.

അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍ ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോകോത്തര ഡിസൈന്‍ സോഫ്റ്റ്‌വെയറുകളായ വണ്ടര്‍ വീവര്‍, ലെക്ട്ര, റീച്ച് എന്നിവയില്‍ വിദഗ്ധ പരിശീലനവും കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡ്രസ് ഡിസൈനിംഗ്, പാറ്റേണ്‍ മെയ്ക്കിംഗ്, നെയ്ത്ത് പരിശീലനം, ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയിലും പരിശീലനം നല്‍കുന്നു. ആഗസ്തില്‍ ആരംഭിക്കുന്ന കോഴ്‌സില്‍ പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.  

അപേക്ഷാ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കണ്ണൂര്‍ എന്ന പേരിലുള്ള 100 രൂപയുടെ ഡിഡി സഹിതം നേരിട്ടോ തപാലിലോ www. iihtkannur.ac.in വഴിയോ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30. ഫോണ്‍: 0497 2835390.

അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് വഴി സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ആഗസ്റ്റ് അഞ്ചു വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്്.

പ്രോസ്‌പെക്ടസ് തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ നിന്നു നേരിട്ടും https://srccc.in/download/prospectus എന്ന ലിങ്കില്‍ നിന്നും ലഭിക്കും. വിലാസം:  ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍ 0471 2325102, 9446323871.

വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പ പദ്ധതി പ്രകാരം ഓട്ടോറിക്ഷ, ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

    അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരിക്കണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ നിരക്ക്. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.

കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ വാങ്ങുന്നതിനും വായ്പകള്‍ നല്‍കുന്നു.  ആറ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപയാണ് വായ്പാ തുക. 30,000 രൂപ വരെ സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. വായ്പാ തുകയ്ക്ക് കോര്‍പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ചുള്ള ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373

അഭിമുഖം മാറ്റി

കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ജൂലൈ 15ന് രാവിലെ 10 മണിക്ക് നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പറുടെ അഭിമുഖം ജൂലൈ 22ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി  ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.

വാഹനം ആവശ്യമുണ്ട്

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പയ്യന്നൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്കായി  ഡ്രൈവര്‍ സഹിതം വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജൂലൈ 16ന് രണ്ട് മണി വരെ സ്വീകരിക്കും. ഫോണ്‍: 04985236166.

തോട്ടം തൊഴിലാളികള്‍ക്ക് കൊവിഡ് ധനസഹായം; അപേക്ഷ ക്ഷണിച്ചു

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള തൊഴിലാളികള്‍ക്ക് രണ്ടാം ഗഡു ആശ്വാസ ധനസഹായമായി 1000 രൂപ ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ തവണ ധനസഹായം കൈപ്പറ്റിയവര്‍ രണ്ടാം ഗഡു ലഭിക്കുന്നതിന് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. പുതുതായി അപേക്ഷിക്കുന്നവര്‍ www.boardswelfareassistance.lc.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ആധാര്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8547655339.

ലേലം ചെയ്യും

തളിപ്പറമ്പ് താലൂക്കിലെ എരുവേശ്ശി വില്ലേജില്‍ സര്‍ക്കാര്‍ പുറമ്പോക്കില്‍ നിന്നും അനധികൃതമായി മുറിച്ച് മാറ്റിയ പ്ലാവ് മരങ്ങളുടെ ലേലം ജൂലൈ 19ന് രാവിലെ 11 മണിക്ക് എരുവേശ്ശി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04602 300332.

date