Skip to main content

കുന്നംകുളം ജീറിയാട്രിക് പാർക്കിലെ മിനി ഓപ്പൺ കൺവെൻഷൻ സെൻ്റർ ഉദ്ഘാടനം ഇന്ന്

 

 

വയോജനങ്ങൾക്കും കുട്ടികൾക്കും ഉല്ലസിക്കാനൊരിടമായ കുന്നംകുളത്തെ നഗരസഭ ലൈബ്രറിയിലെ ജീറിയാട്രിക് പാര്‍ക്കിൽ മിനി ഓപ്പൺ കൺവെൻഷൻ സെൻ്റർ സജ്ജമായി. ഇതിൻ്റെ ഉദ്ഘാടനം ഇന്ന് (ജൂലായ് 12 ) രാവിലെ 10 ന് എ സി മൊയ്തീൻ എം എൽ എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൺ സീതാരവീന്ദ്രൻ അധ്യക്ഷത വഹിക്കും

.

പാർക്കിലെത്തുന്നവർക്ക് ഉല്ലസിക്കുന്നതോടൊപ്പം സാഹിത്യ, സാംസ്‌കാരിക പരിപാടികള്‍ നേരിട്ടുകാണാനുള്ള വേദിയായാണ് പാര്‍ക്കില്‍ മിനി ഓപ്പൺ കൺവെൻഷൻ സെൻ്റർ പണിതിട്ടുള്ളത്.  

 

നവീകരണത്തിൻ്റെ ഭാഗമായി ലൈബ്രറി അങ്കണത്തില്‍ ടൈല്‍ പാകി മേല്‍ക്കൂരമേഞ്ഞ് പുതിയ ഇരിപ്പിടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പാര്‍ക്കില്‍ പൂന്തോട്ടവും നിര്‍മിച്ചു. വയോജനങ്ങള്‍ക്ക് പൂന്തോട്ടത്തിനു നടുവിലിരുന്ന് സമയം ചെലവഴിക്കാമെന്നതാണ് ഏറെ പ്രത്യേകത. ജീറിയാട്രിക് പാര്‍ക്കിനു വേണ്ടി പുതിയ ടോയ്‌ലറ്റുകള്‍ പണിതിട്ടുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് ചായ, ലഘുഭക്ഷണങ്ങള്‍ക്കുള്ള കോഫി ഷോപ്പും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കായി കളിയുപകരണങ്ങളും വൈകാതെ ഇവിടെ ഒരുക്കും.

 

മുന്‍പ് വയോജനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വൈകുന്നേരത്തെ കൂട്ടായ്മകള്‍ നഗരത്തിലെ ജവഹര്‍ സ്‌ക്വയര്‍ സ്‌റ്റേഡിയത്തിന്റെ ഗാലറിയിലായിരുന്നു. ഇത് ഇന്‍ഡോര്‍ സ്‌റ്റേഡിയമാക്കിയതോടെ കുന്നംകുളത്തെ വൈകുന്നേരത്തെ കൂട്ടായ്മകള്‍ ഇല്ലാതായി. പലരും പിന്നീട് വായനശാലയുടെ പഴയ മുറ്റത്തിരുന്നാണ് സൗഹൃദം പുതുക്കിയിരുന്നത്. എന്നാല്‍ ഇവിടെ വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. വയോജനങ്ങളും മറ്റും ഇക്കാര്യം നഗരസഭയെ അറിയിച്ചപ്പോള്‍ ക്ഷേമപദ്ധതികളില്‍ പെടുത്തി ജീറിയാട്രിക് പാര്‍ക്ക് നിര്‍മിക്കുകയായിരുന്നു.

 

ഉദ്ഘാടന ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ, സ്ഥിരം സമിതി അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകരായ നടൻ വി കെ ശ്രീരാമൻ, റഫീക്ക് അഹമ്മദ്, ഹരി നാരായണൻ,  കലാമണ്ഡലം നിർവാഹക സമിതി അംഗം ടി കെ വാസു തുടങ്ങിയവർ പങ്കെടുക്കും.

 

--

date