Skip to main content

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപോഷണം: ന്യൂട്രിഫിറ്റ് മലപ്പുറം പദ്ധതിക്ക് തുടക്കം

സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ പോഷണം അങ്കണവാടികളിലൂടെ എന്ന ലക്ഷ്യവുമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ന്യൂട്രീഫിറ്റ് മലപ്പുറം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപോഷണം മെച്ചപ്പെടുത്തുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തിനും പ്രതിരോധത്തിനുമായി ആരംഭിച്ച പൈലറ്റ് പദ്ധതി ഇനി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലേക്കും വ്യാപിപ്പിക്കും.
 
2020 സെപ്തംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍  പൊന്നാനി ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകളിലും അരീക്കോട് ബ്ലോക്കിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ആദിവാസി കോളനിയിലും പദ്ധതി നടപ്പാക്കിയിരുന്നു. ഗുണഭോക്താക്കളില്‍ നിന്നുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ജില്ലയില്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. ഗ്രാവി-പ്രൊ എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കും ന്യുട്രി- മാം എന്ന പേരില്‍ പാലൂട്ടുന്ന അമ്മമാര്‍ക്കുമാണ്  പോഷക മിശ്രിതം വിതരണം ചെയ്തിരുന്നത്. മൈക്രോ ന്യൂട്രിയന്റ്‌സിന്റെ  അപര്യാപ്തത പരിഹരിക്കാനും  ഗുണഭോക്താക്കള്‍ മാത്രമായി ഉപയോഗിക്കും എന്ന് ഉറപ്പ്  വരുത്തുകയും ചെയ്യുന്ന രീതിയിലാണ്  ഈ പോഷണ മിശ്രിതങ്ങള്‍ തയ്യാറാക്കിയത്. കൃത്യമായ പോഷകങ്ങള്‍ ലഭ്യമാക്കാനായതോടെ അനീമിയ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമുള്ള കുഞ്ഞുങ്ങളുടെ ജനനസമയത്തെ തൂക്കക്കുറവ് ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറക്കാനായിട്ടുണ്ട്. കൂടാതെ അങ്കണവാടി കുട്ടികള്‍ക്കായി സ്മാര്‍ട്ട് ഡയറ്റ് പദ്ധതിയും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു.

കോട്ടക്കല്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ അധ്യക്ഷയായി. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി. ഹഫ്‌സത്ത്, നഗരസഭ ഉപാധ്യക്ഷന്‍ പി.പി ഉമ്മര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ റസാഖ് ആലമ്പാട്ടില്‍, പി. മറിയാമു, പി.ടി അബ്ദുല്‍ നാസര്‍, പി. റംല, നഗരസഭ കൗണ്‍സിലര്‍ ടി. കബീര്‍, കെ ഷബ്‌ന വേങ്ങര അഡീഷണല്‍ സി.ഡി.പി.ഒ ഷാജിത അറ്റാശ്ശേരി, ഐ.സി.ഡി.എസ് നഗരസഭ സൂപ്പര്‍വൈസര്‍ ടി.വി മുംതാസ് എന്നിവര്‍ പങ്കെടുത്തു.

date