Skip to main content

ജലജീവന്‍ മിഷന്‍: മൂര്‍ക്കനാട് പഞ്ചായത്തില്‍ 4456 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും

ജലജീവന്‍ മിഷന്റെ ഭാഗമായി 4,456 കുടിവെള്ള കണക്ഷന്‍ നല്‍കി പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂര്‍ണ്ണ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത്. ജലജീവന്‍ മിഷന്റെ ഭാഗമായി തന്നെ 2,000 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ള കണക്ഷന്‍ പഞ്ചായത്ത് ഇതിനോടകം നല്‍കിയിരുന്നു.

പഞ്ചായത്തിലെ അര്‍ഹരായ എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ള കണക്ഷന്‍ നല്‍കിയുള്ള സമ്പൂര്‍ണ വികസനമാണ് പഞ്ചായത്ത് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതി നടത്തിപ്പിനായി 9.56 കോടി രൂപ അടങ്കല്‍ ജനകീയാസൂത്രണം പദ്ധതിയുള്‍പ്പെടുത്തി അംഗീകാരം വാങ്ങി നടപ്പാക്കി വരികയാണ്. നിലവില്‍ പൈപ്പ് ലൈന്‍ എത്താത്ത 148 സ്ഥലങ്ങളിലായി 33.752 കി.മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈനിടുന്ന പ്രവര്‍ത്തനം ഉടനെ ആരംഭിക്കും.നിലവിലെ പ്ലാന്റിലെ ടാങ്കിനു പുറമേ ഉയരം കൂടിയ സ്ഥലത്ത് ഒരു വാട്ടര്‍ ടാങ്കും മൃഗാശുപത്രി പാലൂര്‍ കോട്ട റോഡില്‍ മറ്റൊരു ടാങ്കും മോട്ടോറും സ്ഥാപിക്കാനും ഈ പദ്ധതിയില്‍ തീരുമാനമായതായി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രശ്മി പറഞ്ഞു. ഇതിനു പുറമേ 23 ലക്ഷം രൂപ വരുന്ന മറ്റൊരു ലിസ്റ്റ് ടെന്‍ഡറിനു തയ്യാറായി പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡപ്പോസിറ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഈ വര്‍ഷം തന്നെ നടപ്പാക്കാനാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.

date