Skip to main content

അവള്‍ ഉയര്‍ന്ന് പറക്കട്ടെ' ക്യാമ്പയിന്‍ വണ്ടൂര്‍ ഉപജില്ലാ തല ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു

പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച 'അവള്‍ ഉയര്‍ന്ന് പറക്കട്ടെ' ക്യാമ്പയിന്‍ വണ്ടൂര്‍ ഉപജില്ലാ തല ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു. സംസ്ഥാന വനിതാ കമ്മീഷന്റെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കരുവാരക്കുണ്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ ജില്ല പഞ്ചായത്ത് അംഗം വി.പി ജസീറ അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോര്‍ഡിനേറ്റര്‍ എം.മണി പദ്ധതി വിശദീകരണവും തിരുവനന്തപുരം ലൈഫ് കെയര്‍ കൗണ്‍സലര്‍ ജിഷ ത്യാഗരാജ് വിഷയാവതരണവും നടത്തി.

പെണ്‍കുട്ടികളെ അവരുടെ സാമൂഹികമായുള്ള വളര്‍ച്ചയും സംരക്ഷണവും ഉറപ്പാക്കി സമൂഹത്തില്‍ ഉയര്‍ന്ന ശ്രേണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  ക്യാമ്പയിന്‍ ആരംഭിച്ചത്. പത്താം ക്ലാസിലേയും ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേയും വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും ലിംഗസമത്വ ബോധവും വളര്‍ത്തുന്നതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ മുഴുവന്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലും നടപ്പാക്കും.
 
കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്‍ ടി.കെ ഉമ്മര്‍, വണ്ടൂര്‍ ഡി.ഇ.ഒ ആര്‍.സൗദാമിനി, എ.ഇ.ഒ എ.അപ്പുണ്ണി, ബി.പി.സി എം.മനോജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ഐ റസിയ, പ്രധാനാധ്യാപകന്‍ പി.എം ഹരിദാസന്‍, പി.ടി.എ പ്രസിഡന്റ് എം.കെ അബ്ദുല്‍ കരീം, എസ്.എം.സി ചെയര്‍മാന്‍ ടി.എം രാജു, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date