Skip to main content

കുതിരവട്ടം ചിറയിൽ മത്സ്യോത്പ്പാദനത്തോടൊപ്പം ടുറിസം സാധ്യതയും പ്രയോജനപ്പെടുത്തും : മന്ത്രി സജി ചെറിയാൻ 

 

ആലപ്പുഴ: ജില്ലയിലെ വിപുലമായ രീതിയിലുള്ള, എല്ലാ സൗകര്യങ്ങളോടുംകൂടിയ അക്വാ ടൂറിസം പാർക്ക് കുതിരവട്ടം ചിറയിൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ച് വരുന്നതായി  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. കുതിരവട്ടം ചിറയിൽ സന്ദർശനം നടത്തുകയായിരുന്നു മന്ത്രി. ചെങ്ങന്നൂരിൽ ടൂറിസം മുൻനിർത്തി പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മത്സ്യകൃഷി നടത്തുന്നതിനായി കേജ് ഫാമിംഗ് യൂണിറ്റ്, നാടൻ മത്സ്യങ്ങൾ, മത്സ്യ വിത്തുൾപ്പാദനം എന്നിവയ്ക്കയായി ഹാച്ചറിയും അനുബന്ധ സൗകര്യങ്ങളുമുള്ള യൂണിറ്റ് സംവിധാനവും പദ്ധതിയിൽ ഉണ്ട്. അതോടൊപ്പം പ്രകൃതി രാമണീയമായ സ്ഥലമായതിനാൽ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സന്ദർശകർക്ക് വിശ്രമിക്കുന്നതിനും, നടക്കുന്നതിനും, സൈക്കിൾ ട്രാക്ക്, ജിം, ഡോർമിറ്ററി സൗകര്യങ്ങളും ഒരുക്കും. മത്സ്യവിൽപ്പനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ഔട്ട്‌ലെറ്റ്‌, മത്സ്യം പാകം ചെയ്യുന്നതിനായി റെസ്റ്റോറന്റ് സംവിധാനങ്ങളും ഒരുക്കും.

ബയോ ഡൈവേഴ്സിറ്റി കൺസെർവേഷനുമായി ബന്ധപ്പെട്ട് "മിയാ വാക്കി " വനവും, പാർക്കിംഗ് സൗകര്യങ്ങളും, കോൺഫറൻസ് ഹാൾ, ബോട്ടിങ്ങ് സംവിധാനവും ആംഗ്ലിംഗ് ക്ലബ്‌ തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാധ്യതകൾ വിലയിരുത്തുന്നതിന് എത്തിയതായിരുന്നു മന്ത്രി.
തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഷേയ്ഖ് പരീത്, ഫിഷറീസ് വകുപ്പ് ജോയിൻറ് ഡയറക്ടർ ഇഗ്നേഷ്യസ് മൺറോ, ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വകൾച്ചർ കേരള ജോയിൻറ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. മഹേഷ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെബിൻ പി. വർഗ്ഗീസ്, വെണ്മണി പഞ്ചായത്ത് പ്രസിഡൻറ് ടി. സി. സുനിമോൾ, വൈസ് പ്രസിഡൻറ് പി.ആർ. രമേശ് കുമാർ, ബി. ബാബു, ബിന്ദു ഹരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

date