Skip to main content
മുൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്  യാത്രയയപ്പ് നൽകി

മുൻ ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവിന്  യാത്രയയപ്പ് നൽകി

മുൻ ജില്ലാ കളക്ടർ ഡോ സജിത് ബാബുവിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയുടെ യാത്രയയപ്പ് നൽകി. സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറായി നിയമനം ലഭിച്ച കളക്ടർക്ക് യാത്രയയപ്പ് നൽകുന്നതോടൊപ്പം പുതിയ കളക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ സ്വാഗതം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡിപിസി ഹാളിൽ നടന്ന ചടങ്ങ് എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയ ജില്ലാ  കളക്ടറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പൊന്നാടണിയിച്ച് സ്വീകരിച്ചു.
ഒരു ജില്ലാ ഭരണാഥികാരി എങ്ങനെയായിരിക്കണമെന്ന് ജനങ്ങൾക്ക് സ്വന്തം പ്രവർത്തനത്തിലൂടെ തെളിയിച്ച് കൊടുത്തയാളാണ് ഡോ ഡി സജിത് ബാബു എന്ന് എം.എൽ.എ പറഞ്ഞു. ഭണരംഗത്തെ കാര്യശേഷി ഫലപ്രദമായ രീതിയിൽ ഉയോഗിച്ച് ജില്ലയുടെ സമഗ്രവികസനത്തിനും ജനക്ഷേമത്തിനും വേണ്ടി സമയബന്ധിതമായി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ മുൻകൈ എടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ് കാസർകോടുകാരാനായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഡോ ഡി സജിത് ബാബുവിന് കഴിഞ്ഞുവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണൻ പറഞ്ഞു. ത്രിതല പഞ്ചായത്തുകളെ ഉൾപ്പെടുത്തി ജില്ലയുടെ സാധ്യതകളെ തിരിച്ചറിഞ്ഞാണ് അദ്ദേഹം പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പാക്കുകയും ചെയ്‌തെന്നും അവർ പറഞ്ഞു.
ജനങ്ങളെ സ്‌നേഹിച്ച് ജനങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചയാളാണ് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബുവെന്ന് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ പറഞ്ഞു. ഇതിനായി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളും പൊതുപ്രവർത്തകരുമടങ്ങുന്ന എല്ലാവരുടെയും സഹകരണവും പിന്തുണവും ഉറപ്പാക്കാൻ കളക്ടർക്ക് കഴിഞ്ഞുവെന്ന് എംഎൽഎ പറഞ്ഞു. മുന്നിലെത്തുന്ന ഒരു ഫയലും കണ്ണടച്ച് വിശ്വസിക്കാതെ വിശദാംശങ്ങൾ മനസിലാക്കി തീരുമാനങ്ങൾ എടുത്ത ഭരണാധികാരിയാണ് സജിത് ബാബുവെന്ന് മുൻ എം പി പി. കരുണാകരൻ പറഞ്ഞു.
പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഡി പിസി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് കൈമാറി. കാസർകോട് മുനിസിപ്പാലിറ്റി ചെയർമാൻ ബി.എം. മുനീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മാധവൻ മണിയറ, കെ. മണികണ്ഠൻ, എം. ലക്ഷ്മി, സി.എ സൈമ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി. തമ്പാൻ എന്നിവർ സംസാരിച്ചു. ഡിപിസിയുടെ ഉപഹാരം ഡിപിസി അംഗങ്ങളായ അഡ്വ എസ്എൻ സരിത, ഗീത കൃഷ്ണൻ എന്നിവർ കൈമാറി. പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധികളായ കെ.പി. വത്സലൻ, ടികെ രവി, , ഇ.പി. ഉഷ എന്നിവർ പഞ്ചായത്ത് അസോസിയേഷന്റെ ഉപഹാരം കൈമാറി. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ സ്വാഗതവും സെക്രട്ടറി പി. നന്ദകുമാർ നന്ദി പറഞ്ഞു.

 

date