Skip to main content

എറണാകുളം അറിയിപ്പുകള്‍ - 2

ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്കായുളള പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാച്ച്‌വുമണ്‍ (ഒരു ഒഴിവ്) തസ്തികയിലേയ്ക്ക് യോഗ്യത ഏഴാം ക്ലാസ് വിജയം; കുക്ക് (രണ്ട് ഒഴിവ്) തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍.സിയും ഗവ:അംഗീകൃത ഫുഡ്ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പാര്‍ട്ട്-ടൈം-സ്വീപ്പര്‍, പാര്‍ട്ട്-ടൈം സ്‌കാവഞ്ചര്‍ എന്നീ തസ്തികകളില്‍ ഓരോ ഒഴിവും പാര്‍ട്ട്-ടൈം മെസ് ഗേള്‍ തസ്തികയില്‍ രണ്ടൊഴിവുമാണുള്ളത്. നാലാംക്‌ളാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വനിതകളായ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ (ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ടെലിഫോണ്‍ നമ്പര്‍ സഹിതം)  എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 14. പ്രായപരിധി 2018 ജനുവരി ഒന്നിന് 50 വയസ് അധികരിക്കരുത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോണ്‍ 0484-2422256) ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം.

 

ലേലം

കൊച്ചി: ജില്ലാ കോടതിയില്‍ ഉപയോഗിച്ചതും പഴക്കം ചെന്നതും നന്നാക്കി  ഉപയോഗിക്കാന്‍ കഴിയാത്തതുമായ ഫര്‍ണിച്ചറുകള്‍ ജൂണ്‍ 19-ന് ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലാ കോടതിയില്‍ പരസ്യമായി ലേലം ചെയ്ത് വില്‍ക്കും.

താത്കാലിക സാഗര ഫെസിലിറ്റേറ്റര്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ മത്സ്യബന്ധനയാനങ്ങളുടേയും ജീവനക്കാരുടേയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും മറ്റു ബന്ധപ്പെട്ട ജോലികള്‍ക്കുമായി സാഗര ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. തോപ്പുംപ്പടി, മുനമ്പം, ചെല്ലാനം, നായരമ്പലം, വൈപ്പിന്‍ എന്നീ കേന്ദ്രങ്ങളില്‍ ഓരോ ഫെസിലിറ്റേറ്റര്‍മാരെ വീതം എട്ട് മാസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടതും വി.എച്ച്.എസ്.ഇ. ഫിഷറീസ് അല്ലെങ്കില്‍ ജി.ആര്‍.എഫ്.റ്റി.എച്ച്.എസ്. - ല്‍ 10-ാം ക്ലാസ്‌വരെ പഠിച്ചവരായിരിക്കണം. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രായം : 20 - 40 വയസ്സ്.

അതിരാവിലെയും രാത്രി സമയങ്ങളിലും വിവരശേഖരണം നടത്തേണ്ടതിനാല്‍ പുരുഷന്‍മാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍  ജൂണ്‍ 12 ന് രാവിലെ 10 -ന് എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, ഡോ. സലിം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം എന്ന വിലാസത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 

കലക്ടറേറ്റ് ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു

 

കാക്കനാട്: ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് ജീവനക്കാര്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.  ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.പി.ജോസ് ജീവനക്കാര്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

 

 

 

പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

 

കാക്കനാട്: പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെയും മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെയും നടത്തിപ്പ് വിലയിരുത്തുന്നതിന് രാജ്യത്തെ ഗുണഭോക്താക്കളും അപേക്ഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.  ഗ്രാമപ്രദേശത്ത് വീട് ലഭിച്ചവരും നഗരപ്രദേശത്ത് വീടുലഭിച്ചവരുമായ ജില്ലയിലെ ഗുണഭോക്താക്കള്‍ സിവില്‍ സ്റ്റേഷനിലെ എന്‍.ഐ.സി. വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍നിന്നും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.  പട്ടികവര്‍ഗ വിഭാഗം,  മറ്റു പിന്നാക്ക വിഭാഗം, ന്യൂനപക്ഷം എന്നിവരുള്‍പ്പെടെ അര്‍ഹരായ എല്ലാവരിലേക്കും പദ്ധതികള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

date