Skip to main content

സുസ്ഥിരവികസനത്തിന് പരിസ്ഥിതി സംരക്ഷണം ആവശ്യം: ജില്ലാ കളക്ടര്‍

 

 

കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിരവികസനം പൂര്‍ണമാകൂ എന്ന് ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന നാട്ടിലെങ്ങും തേന്‍കനി പദ്ധതി ഉദ്ഘാടനവും ജില്ലാതല വൃക്ഷതൈ നടീല്‍ ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണം . വീടുകളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതിരുന്നാല്‍ നമ്മുടെ സമൂഹവും പ്ലാസ്റ്റിക് രഹിതമാകും. അതിന് വിദ്യാര്‍ത്ഥികളും മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.  പല കുളങ്ങളും ജലാശയങ്ങളും  ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളാല്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്. ഇവയെ സംരക്ഷിക്കാനും പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരുവാനും ജനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. നൂറുകുളം പദ്ധതിയിലൂടെ പല ജലസ്രോതസ്സുകളും വൃത്തിയാക്കുകയും പദ്ധതി വന്‍വിജയമാക്കുകയും ചെയ്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.

 

ജില്ലയിലാകെ തേന്‍കനികള്‍ നല്‍കുന്ന ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തിയത് ജില്ലാ ഭരണകൂടത്തിന്റെയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിലാണ് . ഇതിനായി 15 ലക്ഷം തൈകളാണ്  പ്രത്യേകം തയാറാക്കിയ 568 നഴ്‌സറികളില്‍ വളര്‍ത്തിയത്. 

 

പ്ലാവ്, മാവ് ,ആഞ്ഞിലി ,പേര .സപ്പോട്ട, റമ്പൂട്ടാന്‍ ,കശുമാവ് ,മാം ഗോസ്റ്റിന്‍ ,ഞാവല്‍, ചാമ്പ ,കൊക്കോ ,ചതുരപ്പുളി ,മാതളം , മധുര നാരങ്ങ , ലിച്ചി , കാര , ആത്ത , സീതപ്പഴം , ഫാഷന്‍ ഫ്രൂട്ട് തുടങ്ങിയ വിവിധ ഫലവര്‍ഗ്ഗങ്ങളാണ് ജില്ലയിലാകെ നാട്ടിലെങ്ങും തേന്‍ കനി പദ്ധതിയുടെ ഭാഗമായി നട്ട് വളര്‍ത്തുന്നത്. കൂടാതെ കറിവേപ്പ് , ആര്യവേപ്പ്, മുരിങ്ങ, തെങ്ങ്, മഹാഗണി , നെല്ലി , ലക്ഷ്മി തരു തുടങ്ങിയ വൃക്ഷങ്ങളും വിതരണത്തിന് തയാറായിട്ടുണ്ട്. 

 

ജില്ലയില്‍ തരിശുഭൂമി , പൊതുഭൂമി, സ്‌കൂളുകള്‍,  നദികള്‍, തോടുകള്‍ കനാലുകളുടെ അരിക് ,വനമേഖല,  പാതയോരങ്ങള്‍ , ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ സ്വകാര്യഭൂമി എന്നിവിടങ്ങളിലാണ് തൈകള്‍ നടുക. വൃക്ഷതൈകളുടെ നടിയുമായി ബന്ധപ്പെട്ട്  കുഴിയെടുക്കല്‍, നടീല്‍ , വെള്ളം ഒഴിക്കല്‍, ജൈവവള പ്രയോഗം,  ജൈവവേലി നിര്‍മ്മാണം, കളപറിക്കല്‍,       തുടങ്ങി  മൂന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള പരിപാലന പ്രവര്‍ത്തനങ്ങളും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുക്കും. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഉല്പാദിപ്പിക്കുന്ന  വൃക്ഷതൈകള്‍ നടുന്നതിന് കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളെ ചുമതലപ്പെടുത്തും. 

 

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി തൃക്കാക്കര എം എ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും  തൃക്കാക്കര മേരിമാതാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും വിത്ത് വിതരണം ജില്ലാ കളക്ടര്‍ നടത്തി.

 

പ്ലാസ്റ്റിക് മാലിന്യത്തെ ഉപേക്ഷിക്കൂ സമൂഹത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി ആല്‍ബര്‍ട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേരി ജേക്കബ് കാര്‍ഷിക ഗാനമാലപിച്ചു.  പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍ ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത്  വൃക്ഷത്തൈകള്‍ നട്ടു.

 

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ആര്‍ . ആന്റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും  ജില്ലാ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടറുമായ കെ.ജി തിലകന്‍ , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി  എ ജോസഫ്, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. കെ പുഷ്‌കരന്‍,  ബി ഡി ഒ  ഇ.എസ് കുഞ്ഞുമോന്‍, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ്  തുടങ്ങിയവര്‍ സംസാരിച്ചു.

date