Skip to main content

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയെഴുതാൻ ജനപ്രതിനിധികളും

 

ആലപ്പുഴ: 26/7/2021ന്   ആരംഭിക്കുന്ന ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ എഴുതാൻ എട്ട് ജനപ്രതിനിധികളും. പൊതുപ്രവർത്തനത്തോടൊപ്പം പഠനവും ചേർത്തുപിടിച്ച ജനപ്രതിനിധികൾ മറ്റുള്ള പഠിതാക്കൾക്ക് മാതൃകയാണ്. പാതി വഴിയിൽ പഠനം മുടങ്ങിയെങ്കിലും വീണ്ടും അവസരം ലഭിച്ചപ്പോൾ മിടുക്കരായി പഠിച്ച് ജീവിതത്തിലും വൻ ഭൂരിപക്ഷത്തിൽ ജയിക്കാനാണ് ഇവരുടെ തീരുമാനം. നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ അംഗങ്ങളായ എട്ട് പേരാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതിൽ ഏഴ് പേരും സ്ത്രീകളാണ്.
ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. ലത കലവൂർ ഹയർ സെക്കണ്ടറി സ്കൂളിലാണ് ഒന്നാം വർഷ പരീക്ഷ എഴുതുക. കലവൂർ സ്കൂളിലെ തുല്യതാ പഠന കേന്ദ്രത്തിൽ തന്നെയാണിവർ പഠിച്ചതും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗമായ ബി. പ്രസന്നകുമാരി മാവേലിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് പരീക്ഷ എഴുതുക. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗം ബീന ജോസഫ് കിടങ്ങറ സ്കൂളിലെ സമ്പർക്ക പഠനകേന്ദ്രത്തിലാണ് പഠനം നടത്തിയതെങ്കിലും ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പരീക്ഷ എഴുതുക. ചേർത്തല നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണായ ടി.കെ. ഷീജാമോൾ ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതും. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.ആർ. മനോജ് കുമാറും ശ്രീകലയും ഒരേ സ്കൂളിലാണ് തുല്യതാപഠനം പൂർത്തിയാക്കിയത്. ഇരുവരും മാവേലിക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പരീക്ഷ എഴുതും. ഇതേ സ്കൂളിൽ ചുനക്കര ഗ്രാമ പഞ്ചായത്തംഗം എസ്. ഷീബാമോളും പരീക്ഷ എഴുതുന്നുണ്ട്. അരൂർ ഗ്രാമപഞ്ചായത്തംഗം ആശ ഉദയൻ ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാകും പരീക്ഷ എഴുതുക. ഇന്ന് ആരംഭിക്കുന്ന പരീക്ഷ ജൂലൈ 31 ശനിയാഴ്ച അവസാനിക്കും. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് പരീക്ഷ നടക്കുക. ഓരോ വിഭാഗത്തിനും ആറ് വിഷയങ്ങളിലാണ് പരീക്ഷ. 
എല്ലാ ദിവസവും രാവിലെ 10 മുതൽ 12.45 വരെയാണ് പരീക്ഷ. ഒന്നും രണ്ടും വർഷങ്ങളിലായി ആകെ 1559 പേരാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇതിൽ 1022 പേർ സ്ത്രീകളാണ്. എസ്.സി. വിഭാഗത്തിൽപ്പെട്ട 230 പേരും എസ്.ടി. വിഭാഗത്തിൽ നിന്ന് രണ്ടുപേരും തുല്യതാ പരീക്ഷ എഴുതും.

date