Skip to main content

രക്ഷിക്കാനും രക്ഷാ പ്രവര്‍ത്തകര്‍ക്ക് സഹായകമാകാനും സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് കുളമാവ് ദുരന്തത്തില്‍ മാതൃകാ സേവനവുമായി ദമ്പതികള്‍

 

ദുരന്ത മേഖലയില്‍ രക്ഷാ സംഘങ്ങള്‍ക്കും സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ക്കും എങ്ങനെ സഹായം ചെയ്യാമെന്നും രക്ഷാപ്രവര്‍ത്തനത്തില്‍ എങ്ങനെ പങ്കാളികളാകാമെന്നും തെളിയിച്ചിരിക്കുകയാണ്  സംസ്ഥാന അഗ്നി രക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് ഫോഴ്സ് അംഗങ്ങളായ കുളമാവ് നെടുങ്കല്ലുങ്കല്‍ വീട്ടില്‍ അനീഷ് കുമാര്‍ എം.ഡിയും ഭാര്യ മൂലമറ്റം അങ്കണവാടി അദ്ധ്യാപിക സ്മിത സാമുവലും (സ്മിത ടീച്ചറും). ഇടുക്കി കുളമാവ് ചക്കിമാലിയില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങളായ രണ്ട് പേര്‍ ഡാമില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ഒരാഴ്ച്ച നടത്തിയ തിരച്ചിലിനാണ് അനീഷും സ്മിത ടീച്ചറും രക്ഷാദൗത്യവുമായി എത്തിയവര്‍ക്ക് നിര്‍ണ്ണായക സഹായകമായത്.

ദുരന്തം പുറത്തറിയിക്കാനും രക്ഷാപ്രവര്‍ത്തകരെ എത്തിക്കാനും

ജൂലൈ 21 ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് കുളമാവില്‍ നിന്നും ഏറെ ഉള്ളിലായുള്ള ചക്കിമാലി വനമേഖലയോട് ചേര്‍ന്ന് ഡാമില്‍ മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞ് സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെടുന്നത്. ഉച്ചയായിട്ടും ഇരുവരും തിരിച്ചെത്താതായതോടെ ചക്കിമാലിയിലുള്ള വീട്ടുകാര്‍ ആശങ്കയിലായി. കനത്ത കാറ്റില്‍ മൊബൈല്‍ ഫോണിന് ഇടക്കിടെ റേഞ്ച് നഷ്ടപ്പെടുന്നതിനാല്‍ ഇക്കാര്യം മറ്റുള്ളവരെ അറിയിക്കാനും വൈകി. വൈകിട്ട് അഞ്ചരയോടെ മൊബൈല്‍ സിഗ്‌നല്‍ ലഭിച്ചപ്പോള്‍ വീട്ടുകാര്‍ ഇക്കാര്യം കുളമാവിലുള്ള സ്മിത ടീച്ചറെ ഫോണില്‍ വിളിച്ച് പറഞ്ഞു. ഇവര്‍ ഉടന്‍ തന്നെ വിവരം കുളമാവ് പോലീസിലും മൂലമറ്റം അഗ്‌നിരക്ഷാ സേനയിലും ഇടുക്കിയിലെ ദുരന്തനിവാരണ സേനയിലും ഇതോടൊപ്പം റവന്യൂ അധികൃതരെയും അറിയിച്ചു. ഇതിനിടെ വൈകി വിവരമറിഞ്ഞ ചക്കിമാലി ഭാഗത്തുള്ള അയല്‍വാസികള്‍ വള്ളങ്ങളിലും മറ്റും തിരച്ചില്‍ ആരംഭിച്ചിരുന്നു.

ദുര്‍ഘട പാതയും പ്രതികൂല കാലാവസ്ഥയും

രാത്രി എട്ടരയോടെ എല്ലാ രക്ഷാ സംഘങ്ങളും കുളമാവിലെത്തി. ഈ സമയം സ്മിത ടീച്ചറുടേയും ഭര്‍ത്താവിന്റെയും നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാരും സജ്ജരായി. തൊടുപുഴ - പുളിയന്‍മല സംസ്ഥാന പാതയോട് ചേര്‍ന്നുള്ള കുളമാവ് എന്ന സ്ഥലത്ത് നിന്നാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംഘം പുറപ്പെടേണ്ടത്. ഇവിടെ നിന്നും ഒന്നര മണിക്കൂറിലേറെ ഡാമിലൂടെ വള്ളത്തില്‍ സഞ്ചരിച്ചാല്‍ മാത്രമേ അപകടം നടന്ന സ്ഥലമായ ചക്കിമാലി കണ്ണങ്കയത്ത് എത്തുകയുള്ളൂ. കനത്ത കാറ്റും മഴയും മൂലം ഡാമില്‍ തിരമാലക്ക് സമാനമായ രീതിയില്‍ വെള്ളം ഓളമടിക്കുന്ന സ്ഥിതിയായിരുന്നു. ഇതോടെ വള്ളം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ പറ്റാത്ത സ്ഥിതിയായി. ഇതിനിടെ വള്ളത്തില്‍ തിരച്ചില്‍ നടത്തിയ ചക്കിമാലിയിലെ നാട്ടുകാര്‍ പ്രതികൂല കാലാവസ്ഥയും കനത്ത മൂടല്‍ മഞ്ഞും കാരണം ഡാമിലെ ഒരു തുരുത്തില്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണില്‍ അറിയിച്ചു. ഡാമിന്റെ കരയില്‍ ആനക്കൂട്ടമുള്ളതായും ഇവര്‍ പറഞ്ഞു. ഇതോടെ സ്ഥിതി അതി സങ്കീര്‍ണ്ണമായി.

ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജിന്റെ ഇടപെടലിലൂടെ മന്ത്രിയുടെ സഹായത്തോടെ അര്‍ദ്ധ രാത്രിയില്‍ കുളമാവില്‍ നിന്നും ചക്കിമാലിയിലെ തിരച്ചിലിന് മറ്റ് മാര്‍ ഗങ്ങള്‍ തേടേണ്ട സ്ഥിതിയായി. ഇതിനായി ടീച്ചര്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ ഫോണില്‍ വിളിച്ച് ദുരന്തമുണ്ടായതും രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറപ്പെടാന്‍ പറ്റാത്ത സാഹചര്യവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ധരിപ്പിച്ചു. മന്ത്രിയുടെ ഇടപെടലില്‍ 15 മിനിട്ടിനകം കുളമാവിലെ നേവിയുടെ ഓഫീസി (യുഎആര്‍എഫ്) ല്‍ നിന്നും ബോട്ട് വിട്ടു കിട്ടി. ഇതില്‍ കൊലുമ്പന്‍ കടവില്‍ നിന്നും രാത്രി പത്തരയോടെ രക്ഷാ സംഘം അപകട സ്ഥലത്തേക്ക് പുറപ്പട്ടു. കനത്ത മൂടല്‍ മഞ്ഞ് മൂലം ഏതാനും മീറ്റര്‍ ദൂരെയുള്ള മുന്നിലെ ദൃശ്യങ്ങള്‍ മാത്രമേ ബോട്ടില്‍ നിന്നും കാണാമായിരുന്നുള്ളൂ. എന്നാല്‍ ഇതുവഴി വള്ളത്തിലും മറ്റും സ്ഥിരമായി യാത്ര ചെയ്തിട്ടുള്ള ടീച്ചറുടെ ഭര്‍ത്താവ് അനീഷ് വഴി കാട്ടിയായതോടെ സംഘം ലക്ഷ്യ സ്ഥാനത്തെത്തി. വള്ളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കുടുങ്ങിക്കിടന്നവരെ ആദ്യം തന്നെ രക്ഷിച്ചു.

ഒരാഴ്ച്ചത്തെ തിരച്ചില്‍; സജീവമായി ടീച്ചറും ഭര്‍ത്താവും

ജൂലൈ 22  മുതല്‍ മൂലമറ്റം, തൊടുപുഴ, മൂവാറ്റുപുഴ, കട്ടപ്പന തുടങ്ങിയ അഗ്‌നിരക്ഷാ സേനാ യൂണിറ്റുകളുടേയും ദുരന്ത നിവാരണ സേനയുടേയും മുങ്ങല്‍ വിദഗ്ധര്‍ കുളമാവില്‍ നിന്നും ഡിങ്കി ഉപയോഗിച്ച് സ്ഥലത്തേക്ക് പോയാണ് തിരച്ചില്‍ നടത്തിയത്. ഇവര്‍ക്ക് എല്ലാ ദിവസവും ലക്ഷ്യ സ്ഥാനത്തേക്കും മടക്ക യാത്രയിലും വഴി കാട്ടിയായി അനീഷ് കുമാറും ഡിങ്കിയില്‍ ഉണ്ടായിരുന്നു. തിരച്ചിലിനിടെ പകല്‍ സമയങ്ങളില്‍ പോലും ദിശയറിയാന്‍ പറ്റാത്ത സാഹചര്യത്തില്‍ അനീഷ് കുമാറിന്റെ സേവനം വളരെയേറെ ഉപകാരപ്പെട്ടെന്ന് സേനാംഗങ്ങള്‍ ഒന്നടങ്കം പറഞ്ഞു. ഇതേ സമയം കുളമാവിലെത്തുന്ന വിവിധ വകുപ്പധികൃതര്‍ക്ക് അപകടത്തെക്കുറിച്ചും പ്രദേശത്തെ കുറിച്ചും, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തിരച്ചിലിന്റെ പുരോഗതിയെക്കുറിച്ചും വിവരങ്ങള്‍ കൈമാറി ടീച്ചറും എല്ലാ ദിവസവും കുളമാവിലെ കൊലുമ്പന്‍ കടവിലുണ്ടായിരുന്നു. 26ന് ഒരാളുടേയും 28ന് അടുത്തയാളുടേയും മൃതദേഹങ്ങള്‍ ലഭിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് കൊണ്ടുപോയപ്പോഴും, തൊടുപുഴയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചപ്പോഴും ടീച്ചറും ഭര്‍ത്താവും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം തന്നെയുണ്ടായിരുന്നു.

യാദൃശ്ചികമായല്ല സിവില്‍ ഡിഫന്‍സ് അംഗങ്ങളായത്

ഇടുക്കി ഡാമിന്റെ തീരത്ത് താമസിക്കുന്ന ഇരുവരും സംസ്ഥാന അഗ്നി രക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സിന്റെ ഭാഗമായത് യാദൃശ്ചികമല്ല. അനീഷ് കുമാര്‍ 2020 ല്‍ സിവില്‍ ഡിഫന്‍സിന്റെ ജില്ലാ തല പരിശീലനവും സ്മിത ടീച്ചര്‍ സ്റ്റേഷന്‍ തല പരിശീലനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചെറുപ്പം മുതലേ കണ്ടതും അനുഭവിച്ചതുമായ ദുരിതങ്ങളാണ് ഇത്തരത്തിലൊരു രക്ഷാ പ്രവര്‍ത്തക സംഘത്തിന്റെ ഭാഗമാകാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഇരുവരും പറഞ്ഞു. ചക്കിമാലിക്ക് സമീപം വനമേഖലയായ മുല്ലക്കാനത്താണ് രണ്ട് പേരും ജനിച്ച് വളര്‍ന്നത്. ചെറുപ്പം മുതല്‍ വള്ളമാണ് പുറം ലോകത്തേക്കുള്ള ഇവരുടെ യാത്രാ മാര്‍ഗം. ഇരുവര്‍ക്കും വള്ളം തുഴച്ചിലുമറിയാം. ഈ പ്രദേശത്ത് അപകടത്തില്‍പ്പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നതും തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ഏറെ ശ്രമകരമാണ്. ടീച്ചറുടെ പിതാവിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടം സംഭവിച്ചപ്പോള്‍ കസേരയില്‍ ഇരുത്തി തലച്ചുമടായി എത്തിച്ച് വള്ളത്തിലാണ് ആശുപത്രിലെത്തിച്ചതും രക്ഷിച്ചതും.

വേണം ലൈഫിനൊരു ജാക്കറ്റെങ്കിലും

ഡാമില്‍ പ്രതികൂല കാലാവസ്ഥയിലും മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് ലൈഫ് ജാക്കറ്റെങ്കിലും ലഭ്യമാക്കണമെന്നാണ് ഇവര്‍ പറയുന്നത്. കുളമാവില്‍ മാത്രം 15 ല്‍പരം ആളുകള്‍ ദിവസേന മീന്‍ പിടിക്കുന്നുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശം ഒട്ടാകെ കണക്കെടുത്താല്‍ ഇത് നൂറിലധികമാകും. മറ്റ് ജലാശയങ്ങളെ അപേക്ഷിച്ച് വന മേഖലയിലെ ഡാമുകളില്‍ വെള്ളത്തിന് സാന്ദ്രത കൂടുതലാണ്. അതിനാല്‍ വള്ളം മറിഞ്ഞും മറ്റും അപകടത്തില്‍പ്പെടുന്നവര്‍ നീന്തി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ തളര്‍ന്ന് വെള്ളത്തില്‍ താഴ്ന്ന് പോകുന്നതിന് സാധ്യതയേറെയാണ്. ഡാമിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റി ഉളുപ്പൂണി - വാഗമണ്‍ വഴിയിലൂടെയാണ് ഭൂരിഭാഗം ആളുകളും ഇപ്പോള്‍ പുറം ലോകത്തെത്തുന്നത്. എങ്കിലും യാത്രാ മാര്‍ഗമായി ഡാമിനെയും വള്ളത്തെയും ആശ്രയിക്കുന്നവരും ഇപ്പോഴുമുണ്ട്. ഇവര്‍ക്കും മീന്‍ പിടുത്തക്കാര്‍ക്കുമായി ബോധവല്‍ക്കരണവും നീന്തല്‍ പരിശീലനവും നല്‍കണം. ഇതിലൂടെ സ്വയം രക്ഷിക്കാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനുമാവുമെന്ന് ഇവര്‍ പറയുന്നു.

വിപുലമായ ലക്ഷ്യങ്ങളോടെ സിവില്‍ ഡിഫന്‍സ്

സംസ്ഥാന സര്‍ക്കാര്‍ 2019 ലാണ് കേരളത്തില്‍ സിവില്‍ ഡിഫന്‍സ് രൂപീകരിച്ചത്. കേരളാ ഫയര്‍ & റെസ്‌ക്യു സര്‍വ്വീസസ് ഡയറക്ടര്‍ ജനറലാണ് സിവില്‍ ഡിഫന്‍സിന്റെ മേധാവി. തിരുവനന്തപുരം അസ്ഥാനമായി റീജിയണല്‍ ഫയര്‍ ഓഫീസറും ജില്ലകളില്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാരുമാണ് സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക. അതാത് ജില്ലാ കളക്ടര്‍മാരായിരിക്കും സേനയുടെ പ്രവര്‍ത്തനം ജില്ലാതലത്തില്‍ നിയന്ത്രിക്കുക. ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും.

ദുരന്തനിവാരണ - അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, ആപത്ഘട്ടങ്ങളില്‍ സ്വത്തുവകകളുടെ നഷ്ടം പരമാവധി കുറയ്ക്കുക, ജനങ്ങളുടെ മനോവീര്യം ഉണര്‍ത്തുക, പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ അത്യാഹിതം/ദുരന്തം ഫലപ്രദമായി നേരിടുക  എന്നിവയാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ പ്രധാന ചുമതലകള്‍. കേരളത്തിലെ ഓരോ അഗ്നിരക്ഷാ നിലയങ്ങള്‍ക്ക് കീഴിലും 50 പേര്‍ക്ക് വീതം പ്രാദേശിക, ജില്ലാ, സംസ്ഥാന തലങ്ങളില്‍ പരിശീലനം നല്‍കും. കേരളത്തിലെ നിലവിലുള്ള 124 ഫയര്‍ സ്റ്റേഷനുകളുടെ കീഴില്‍ 6200 പരിശീലനം നേടിയ സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
 

date