Skip to main content

'വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്'; ഓഗസ്ററ് 1 മുതല്‍ 7 വരെ  കരുതാം ആലപ്പുഴയുടെ പുതിയ കാംപെയിന്‍ 

 

ആലപ്പുഴ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയില്‍ തുടര്‍ന്നുവരുന്ന കരുതാം ആലപ്പുഴ ക്യാംപെയിന്‍ 'വാര്‍ എഗേന്‍സ്റ്റ് വേവ്‌സ്' എന്ന പേരില്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍, കുടുംബശ്രീ, എന്‍. എസ് .എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. അണുനശീകരണം, കോവിഡിനെതിരെയുള്ള പ്രതിരോധ പാഠങ്ങള്‍ നടപ്പിലാക്കല്‍, അങ്കണവാടി, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കുന്നതിലൂടെ ആശയങ്ങള്‍ കുടുംബങ്ങളിലേക്ക് എത്തിക്കുക, വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുക, ഓഫീസുകള്‍/ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബ്രേക്ക് ദ ചെയിന്‍ സജ്ജീകരണങ്ങള്‍ ഫലപ്രദമാക്കുക, ജാഗ്രതാസമിതി പ്രചോദന യോഗങ്ങള്‍, കുടുംബശ്രീ യോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 1 മുതൽ 7 വരെയുള്ള ഓരോ ദിവസങ്ങളിലും കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് നേരിട്ട് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആശ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ അവരുടെ അനുഭവങ്ങള്‍ സന്ദേശങ്ങളായി വീഡിയോ വഴി പങ്കിടും. ഓഗസ്റ്റ് 1 മുതല്‍ നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ചുവടെ.

ഓഗസ്റ്റ് 1 ഞായര്‍-എല്ലാ വീടുകളിലും ബ്ലീച്ചിംഗ് ലായിനി, അണുനാശിനി എന്നിവ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നു. ഓഗസ്റ്റ് 2 തിങ്കള്‍-കോവിഡ് പ്രതിരോധ ശീലങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് ഉറപ്പാക്കാനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ 11 മണിക്ക് പ്രതിജ്ഞ എടുക്കുന്നു. അന്നേദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ ബ്ലീച്ചിങ് ലായനി / അണുനാശിനി ഉപയോഗിച്ച് അണുനശീകരണം ചെയ്യേണ്ടതാണ്. വൈകുന്നേരം ആറുമണിക്ക് പുന്നപ്ര ഒന്നാം വാര്‍ഡില്‍ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ മീറ്റ് വിത്ത് ആര്‍ ആര്‍ ടി പരിപാടി ഔപചാരികമായി തുടങ്ങും.

ഓഗസ്റ്റ് 3 -ചൊവ്വ-ആര്‍ ആര്‍ ടി നോഡല്‍ ഓഫീസര്‍മാരുടെ തുടര്‍ പരിശീലന പരിപാടികള്‍ നടത്തും. അങ്കണവാടി കുട്ടികള്‍ കൈകഴുകല്‍ പ്രാധാന്യം വെളിവാക്കുന്ന ആക്ഷന്‍ സോങ് കുടുംബത്തില്‍ അവതരിപ്പിക്കുന്നത് ഫോട്ടോ വീഡിയോ എടുത്ത് പങ്കിടുന്നതാണ്.
ഓഗസ്റ്റ് 4 ബുധന്‍-ബ്രേക്ക് ദ ചെയിന്‍ സംവിധാനങ്ങള്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും ബുധനാഴ്ചയോടുകൂടി പൂര്‍ത്തിയാക്കേണ്ടതാണ്. അന്നേദിവസം മുതല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടങ്ങും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രതിരോധ ശീലങ്ങളുമായി ബന്ധപ്പെട്ട സ്ലോഗന്‍ എഴുതി തയ്യാറാക്കി കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുകയും ചിത്രം അല്ലെങ്കില്‍ വീഡിയോ കരുതാം ആലപ്പുഴയെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യും. ഓഗസ്റ്റ് 5 വ്യാഴം-കോളേജ് വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രതിരോധ ശീലങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ പോസ്റ്ററുകള്‍ തയ്യാറാക്കി കരുതാം ആലപ്പുഴയെ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യണം.

ഓഗസ്റ്റ് 6 വെള്ളി-തൊഴിലിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, മാര്‍ക്കറ്റ് തുടങ്ങിയ പൊതു സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് ലായനി അല്ലെങ്കില്‍ അണുനാശിനി ഉപയോഗിച്ച് അണുനശീകരണം നടത്തും. ഓഗസ്റ്റ് 7 ശനി-അതത് പ്രദേശത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് കുടുംബശ്രീ അംഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും. ശനിയാഴ്ച വൈകുന്നേരം ജില്ലയില്‍ ആയിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച് കോവിഡ് ബോധവല്‍ക്കരണത്തെ കുറിച്ച് ജില്ലാ കളക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, അധ്യാപക പ്രതിനിധികള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംവദിക്കും.

date